കുടക്: കർണാടകയിലെ കുടകിൽ കടുവയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ കൊല്ലപ്പെട്ടു. കേരള-കർണാടക അതിർത്തിയായ പൊന്നമ്പേട്ട് താലൂക്കിലെ പള്ളേരി ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കർഷകനായ രാജു (75), അദ്ദേഹത്തിന്റെ പേരക്കുട്ടി ചേതൻ (18) എന്നിവരാണ് മരിച്ചത്.
രാജുവിന്റെ മകൻ മധുവിന് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു. അദ്ദേഹം ചികിത്സയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടുവയെ ഉടൻ പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷം; ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പലചരക്ക് കട തകർത്തു
ഇടുക്കി: ഇടുക്കിയിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. കാട്ടാന വീണ്ടും പലചരക്ക് കട തകർത്തു. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ പലചരക്കുകടയാണ് കാട്ടാനക്കൂട്ടം തകർത്തത്. പതിനാറാമത്തെ തവണയാണ് ഈ കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.
രാത്രി 12 മണിയോടെ സ്ഥലത്തെത്തിയ ആനക്കൂട്ടം കടയുടെ മുൻ വാതിൽ തകർത്ത് കടയിൽ ഉണ്ടായിരുന്ന അരി, ഗോതമ്പ്, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിവയെല്ലാം തിന്നു. രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് ആനകളാണ് കട തകർത്തത്.
ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ജനുവരി പത്തൊൻപതാം തിയതി ഇതേ കട കാട്ടാന തകർത്തിരുന്നു. പിന്നീട് നാട്ടുകാർ ആനക്കൂട്ടത്തെ കാട്ടിലേക്ക് വിരട്ടിയോടിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...