തുർക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരൻ മരിച്ചതായി സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള എഞ്ചിനീയറായ വിജയ് കുമാർ (35) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം മലത്യയിലെ ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി തുർക്കിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂകമ്പത്തിൽ 25,000-ത്തിലധികം പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം.
"ഫെബ്രുവരി ആറിന് ഭൂകമ്പത്തിന് ശേഷം തുർക്കിയിൽ കാണാതായ ഇന്ത്യൻ പൗരൻ വിജയ് കുമാറിന്റെ മൃതദേഹം മാലാത്യയിലെ ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി തിരിച്ചറിഞ്ഞതായി ദുഃഖത്തോടെ അറിയിക്കുന്നു, ഒരു ബിസിനസ്സ് യാത്രയുടെ ഭാഗമായാണ് വിജയ് കുമാർ തുർക്കിയിൽ എത്തിയത്" തുർക്കിയിലെ ഇന്ത്യൻ എംബസി ട്വീറ്റിൽ പറഞ്ഞു.
We inform with sorrow that the mortal remains of Shri Vijay Kumar, an Indian national missing in Turkiye since February 6 earthquake, have been found and identified among the debris of a hotel in Malatya, where he was on a business trip.@PMOIndia @DrSJaishankar @MEAIndia
1/2— India in Türkiye (@IndianEmbassyTR) February 11, 2023
ബെംഗളൂരു ആസ്ഥാനമായുള്ള ഓക്‌സിപ്ലാന്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന ഉത്തരാഖണ്ഡിൽ നിന്നുള്ള വിജയ് കുമാർ ഗൗഡ്, തുർക്കിയിലേക്ക് ബിസിനസ് ആവശ്യത്തിനായാണ് പോയത്. ഇയാളുടെ വീട്ടുകാർ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു വരികയാണെന്ന് എംബസി അറിയിച്ചു.
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പമുണ്ടായ പ്രദേശങ്ങളിൽ നിന്ന് അഞ്ച് ദിവസത്തിന് ശേഷം ശനിയാഴ്ച നിരവധി കുട്ടികളെയും പ്രായമായവരെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തിരുന്നു. ഭൂകമ്പത്തിന് തൊട്ടുപിന്നാലെ, ഇന്ത്യ 'ഓപ്പറേഷൻ ദോസ്ത്' ആരംഭിക്കുകയും തുർക്കിക്കും സിറിയയ്ക്കും സാധ്യമായ എല്ലാ സഹായവും നൽകുകയും ചെയ്തു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി 152 പേർ അടങ്ങുന്ന മൂന്ന് എൻഡിആർഎഫ് സംഘങ്ങളെ തുർക്കിയിൽ വിന്യസിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...