Idukki Dam | മഴ കനക്കുന്നു, ഇടുക്കി അണക്കെട്ട് തുറന്നേക്കും, ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ

ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.   

Written by - Zee Malayalam News Desk | Last Updated : Nov 12, 2021, 08:20 PM IST
  • കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നേക്കുമെന്ന് ജില്ലാ കലക്ടറുടെ ഓഫീസ്.
  • 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.
  • ചെറുതോണി ഡാമിന്‍റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കാൻ നിർദേശം.
Idukki Dam | മഴ കനക്കുന്നു, ഇടുക്കി അണക്കെട്ട് തുറന്നേക്കും, ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ (​Idukki Dam) വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാം വീണ്ടും തുറന്നേക്കുമെന്ന് ജില്ലാ കലക്ടറുടെ (District Collector) ഓഫീസ് അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ വൈകിട്ടോ ഞായറാഴ്ച രാവിലെയോ ചെറുതോണി ഡാമിന്‍റെ ഷട്ടർ (Cheruthoni Dam Shutter) തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. 

ചെറുതോണി ഡാമിന്‍റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. നിലവിൽ 2398.38 അടിയാണ് ഡാമിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ജലനിരപ്പ് ക്രമേണ ഉയരുകയാണ്. 

Also Read: Idukki Dam | ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശവുമായി ജില്ലാ കലക്ടർ

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും നേരത്തേ ജില്ലാ കലക്ടർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് (Blue Alert) ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. 

Also Read: Heavy Rain Alert : സംസ്ഥാനത്ത് നവംബര്‍ 17 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയർന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് വർധിക്കാൻ കാരണം. നിലവിലെ ജലനിരപ്പ് (Water level) 139 അടിയായി. സെക്കൻഡിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. റൂൾ കർവ് പ്രകാരം നിലവിൽ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്.

അതേസമയം, നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ബംഗാൾ ഉൾക്കടലിൽ (Bay Of Bengal) നാളെയോടെ പുതിയ ന്യൂനമർദ്ദം (Depression) രൂപപ്പെടുകയും 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാനും സാധ്യാതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബര്‍ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News