കോട്ടയം: കേരളമൊന്നാകെ ഒത്തു ചേർന്ന് ആംബുലൻസിന് വഴി ഒരുക്കിയെങ്കിലും ആൻ മരിയയുടെ ജീവൻ രക്ഷിയ്ക്കാനായില്ല. കാത്തിരിപ്പിന്റെ 64 ദിനങ്ങൾക്ക് ശേഷം ആൻ മരിയ മരണത്തിന് കീഴടങ്ങി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കവേയാണ് കട്ടപ്പന ഇരട്ടയാർ നത്തുകല്ല് സ്വദേശി, 17 വയസുകാരിയായ ആൻ മരിയ ജോസ് മരണമടഞ്ഞത്. നാട് ഒന്ന് ചേർന്ന് വഴിയൊരുക്കിയെങ്കിലും ആൻ മരിയയുടെ ജീവൻ ആർക്കും രക്ഷിക്കാനായില്ല.
കഴിഞ്ഞ ജൂൺ ഒന്നിന് രാവിലെ 6.30 ന് ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിലെ കുർബാനക്കിടെയാണ് ആൻ മരിയ ഹൃദയാഘാതം മൂലം തളർന്ന് വീണത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയിക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നാട് ഒന്നാകെ ചേർന്ന് ആംബുലൻസിന് വഴിയൊരുക്കിയാണ് മണിക്കൂറുകൾക്കുള്ളിൽ ആൻ മരിയയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചത്. കട്ടപ്പന മുതൽ അമൃത ആശുപത്രി വരെയുള്ള യാത്രയിൽ ഗതാഗത കുരുക്ക് ഉണ്ടാകാതിരിയ്ക്കാൻ നാട് ഒരുമിച്ചു. കേരളം ഒന്നാകെ കൈകോർത്തപ്പോൾ, നാല് മണിക്കൂറോളം വേണ്ട യാത്ര, രണ്ടേ മുക്കാൽ മണിക്കൂറിൽ താഴെ സമയം മാത്രമെടുത്താണ് ആംബുലൻസ് ഓടി എത്തിയത്.
ജൂലൈയിൽ ആൻ മരിയയെ അമൃതയിൽ നിന്നും കോട്ടയം കരിതാസ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ രാത്രി 11:40ന് ആൻ മരിയ യാത്രയാത്. മൃതദേഹം ഇന്ന് നാല് മണിയോടെ ഇരട്ടയാറിലെ വീട്ടിൽ എത്തിക്കും. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കർമികത്വം വഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...