തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ കേന്ദ്ര സർക്കാരിനോട് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുൻകൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂർവ്വം നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ (Facebook) കുറിച്ചു.
അഫ്ഗാനിസ്ഥാനിൽ പെട്ടുപോയിരിക്കുന്ന മലയാളികൾക്ക് സഹായങ്ങൾക്കായി നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിൻ്റെ 24x7 പ്രവർത്തിക്കുന്ന സ്പെഷ്യൽ അഫ്ഗാനിസ്ഥാൻ സെല്ലിനെയും സമീപിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. വ്യോമസേനയുടെ ഒരു വിമാനത്തിലും എയർ ഇന്ത്യയുടെ വിമാനത്തിലുമായി ആണ് ആളുകളെ തിരിച്ചെത്തിച്ചിരിക്കുന്നത്. രക്ഷാദൗത്യം ഇനിയും തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ നിന്ന് 135 പേരെ അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിക്കുകയും അവിടെ നിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിക്കുകയും ആയിരുന്നു. നിലവിൽ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന്റെ പൂർണ ചുമതല യുഎസ് സൈന്യത്തിനാണ്. ഇന്ത്യക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി അമേരിക്ക നിഷേധിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം കാബൂൾ വിമാനത്താവള പരിസരത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ പൗരന്മാർ ഒരിക്കലും ഒറ്റയ്ക്ക് സഞ്ചരിച്ച് വിമാത്താവളത്തിലേക്ക് എത്താൻ ശ്രമിക്കരുതെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ റിപ്പോർട്ടിനെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...