Kerala Science Congress: 'ശാസ്ത്രത്തിനുമേല്‍ അന്ധവിശ്വാസങ്ങളെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശാസ്ത്രത്തിലൂന്നിയ ചെറുത്ത് നില്പ് നടത്തണം'

Kerala Science Congress: ശാസ്ത്ര വികാസത്തിനായുള്ള ഫണ്ട് പോലും അന്ധവിശ്വാസത്തിലധിഷ്ഠിതമായ കാര്യങ്ങള്‍ നീക്കാനായി വിഴിതിരിച്ചുവിടുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 8, 2025, 04:01 PM IST
  • കേരള ശാസ്ത്ര കോണ്‍ഗ്രസിന് ഉജ്ജ്വല തുടക്കം
  • മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു
  • കേരളശാസ്ത്ര പുരസ്‌കാരം എസ്. സോമനാഥിന്
Kerala Science Congress: 'ശാസ്ത്രത്തിനുമേല്‍ അന്ധവിശ്വാസങ്ങളെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശാസ്ത്രത്തിലൂന്നിയ ചെറുത്ത് നില്പ് നടത്തണം'

തൃശൂര്‍: 37-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് തൃശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് ഉജ്ജ്വല തുടക്കം. ഡിജിറ്റല്‍ വിളക്ക് തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. 

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെക്കാലം കൊണ്ട് കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കുന്ന പ്രധാനപ്പെട്ട പരിപാടിയായി കേരള ശാസ്ത്ര കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പുരോഗതിക്ക് വേണ്ട സംഭാവനകള്‍ കൊണ്ടുമാത്രമല്ല, രാജ്യത്തിനാകെ മാതൃകയാകുന്ന ചര്‍ച്ചകള്‍ എന്നിവ കൊണ്ടും ശാസ്ത്ര കോണ്‍ഗ്രസ് ശ്രദ്ധേയമാണ്. 

ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കി അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിനു മേല്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് അതിനെതിരെ ശാസ്ത്രീയതയിലൂന്നിയ ചെറുത്തുനില്പ് നടത്തുന്നുവെന്നതാണ് സയന്‍സ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രാധാന്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ അടുത്ത കാലത്ത് ഒരു ഐ.ഐ.ടിയുടെ ഡയറക്ടര്‍ നടത്തിയ പ്രസംഗം. ശാസ്ത്രവിരുദ പ്രചരിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ശാസ്ത്ര വികാസത്തിനായുള്ള നമ്മുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഫണ്ട് പോലും അന്ധവിശ്വാസത്തിലധിഷ്ഠിതമായ കാര്യങ്ങള്‍ നീക്കാനായി വിഴിതിരിച്ചുവിടുന്നു. 

Read Also: 'ഇനി നോൺ വെജിറ്റേറിയൻ സമരം, കിഫ്ബിയുടെ ടോൾ ബൂത്തുകൾ തുടങ്ങിയാൽ അടിച്ചുപൊളിക്കും'

സയന്‍സ് കോണ്‍ഗ്രസുകളില്‍ ശാസ്ത്രജ്ഞരാണോ അവരുടെ വേഷമിട്ട വര്‍ഗീയപുനരുജ്ജീവന വാദക്കാരാണോ എത്തുന്നതെന്നത് പരിശോധിക്കണമെന്നും  മുഖ്യമന്ത്രി ആവിശ്യപ്പെട്ടു. ശാസ്ത്രം പഠിച്ചു എന്നതു കൊണ്ട് തന്നെ അത്തരം ആളുകളെ കൊണ്ടുതന്നെ അശാസ്ത്രീയത പ്രചരിപ്പിക്കാനുള്ള വേദിയായി ദേശീയ സയന്‍സ് കോണ്‍ഗ്രസ് മാറിയെന്നത് രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ എല്ലാവരും ചിന്തിക്കേണ്ട കാര്യമാണ്. 

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിന് നമ്മളാല്‍ കഴിയുംവിധമുള്ള കാര്യങ്ങള്‍ ചെയത്  കേരളം മുന്നോട്ടുപോവുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. 2050-ഓടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലുള്ള ശാസ്ത്ര പ്രതിഭകളുടെ സാന്നിധ്യം  നമ്മുടെ ഗവേക്ഷണ  സ്ഥാപനങ്ങളിൽ ഉറപ്പാക്കുന്നുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

2023ലെ  കേരള ശാസ്ത്രപുരസ്‌കാരം  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥിന് നല്‍കുമെന്ന് ശാസ്ത്ര കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. സമയവും വേദിയും പിന്നെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള സംസ്ഥാന യുവ ശാസ്ത്ര പുരസ്‌കാരത്തിനും  മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മെഡലിനും അര്‍ഹരായ ഡോ. വൃന്ദ മുകുന്ദന്‍, ഡോ.വി.എസ് ഹരീഷ് എന്നിവര്‍ക്ക് ശാസ്ത്ര കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. 

Read Also: തകർന്നടിഞ്ഞ് ആപ്പ്, ജയത്തോടെ അതിഷി; ഡൽഹിയിൽ ബിജെപിയുടെ തേരോട്ടം

ശാസ്ത്രം തൃണവത്കരിക്കപ്പെടുകയും അന്ധവിശ്വാസവും അയിത്ത അനാചാരങ്ങളും ജാതിവ്യവസ്ഥകളും തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന വിധത്തില്‍ ഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനുവേണ്ടി ഒരു കൂട്ടര്‍ സദാ പ്രയത്‌നിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു.

കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ നിരാകരിക്കുകയെന്നത് ചരിത്രകാലം മുതല്‍ സമൂഹത്തില്‍ തുടര്‍ന്നുവന്നിരുന്നതായി നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അന്നെല്ലാം സാമൂഹ്യ അവസ്ഥയെല്ലാം മാറ്റിക്കൊണ്ട് ശാസ്ത്രം അതിവേഗം വളര്‍ന്നുകഴിഞ്ഞന്നും മന്ത്രി പറഞ്ഞു. 

ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ.കെ.പി സുധീര്‍ ഉത്ഘാടന ചടങ്ങിൽ അധ്യക്ഷനായി. ശാസ്ത്ര കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്സണ്‍ പ്രൊഫ.എം.കെ ജയരാജ് ശാസ്ത്രകോണ്‍ഗ്രസിനെ കുറിച്ച് വിശദീകരിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും കാര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ.ബി. അശോക് ഐ എ എസ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ തുടങ്ങിയവരും ഉത്ഘാടന ചടങ്ങിൽ സംസാരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി  ഡോ:എ. സാബു സ്വാഗതവും കേരള വനഗവേഷണ സ്ഥാപനം ഡയറക്ടര്‍ ഡോ.സി.എസ് കണ്ണന്‍ വാര്യര്‍ നന്ദിയും പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News