തിരുവനന്തപുരം: വലിയ വിജയമാണ് എൽഡിഎഫ് നേടിയിരിക്കുന്നത്. എന്നാൽ ആഘോഷിക്കാനുള്ള സമയമല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജനങ്ങളെ വിശ്വസിക്കുന്നു. ജനങ്ങൾ സർക്കാരിനെയും വിശ്വസിക്കുന്നു. അതിനാൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റ് നേടുമെന്ന് പറഞ്ഞിരുന്നു. അത് തീർത്തും അന്വർഥമാകും വിധമാണ് തെരഞ്ഞെടുപ്പ് ഫലം. കേരളത്തിൽ തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ പല രീതിയിലുള്ള ആക്രമണങ്ങളുണ്ടായി. അതോടൊപ്പം നമുക്ക് നേരിടേണ്ടി വന്ന നിരവധി പ്രതിസന്ധികളുണ്ടായി. അതിനെയെല്ലാം മറികടന്നാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. അക്കാര്യത്തിൽ ജങ്ങൾ പൂർണമായും എൽഡിഎഫിനോട് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാൻ കഴിഞ്ഞത്. ജനങ്ങൾ ഇനിയുള്ള നാളുകളിലും എൽഡിഎഫിനൊപ്പം ഉണ്ടാകുമെന്നാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന വിധിയാണ്. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നേരിടുന്ന പ്രശ്നങ്ങൾ ഉണ്ട്. അത്തരം പ്രശ്നങ്ങൾ നേരിടാൻ എൽഡിഎഫിനാണ് കഴിയുക എന്ന ബോധ്യം ജനങ്ങൾക്കുണ്ടായി. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. നമ്മുടെ നാട് നേരിടേണ്ടി വന്ന കെടുതികൾ അതിന്റെ ഭാഗമായുണ്ടായ പ്രത്യാഘാതങ്ങൾ നമ്മൾ അതിനെ അതിജീവിക്കാൻ നടത്തിയ ശ്രമങ്ങൾ നാടും നാട്ടുകാരും കണ്ടതാണ്. അതുകൊണ്ട് തന്നെ എൽഡിഎഫ് നേതൃത്വം കൊടുക്കുന്ന സർക്കാർ എങ്ങനെ നയിക്കുന്നുവെന്ന് നേരിട്ട് കണ്ടതാണ്. അതിനാലാണ് നാടിന്റെ നന്മയ്ക്ക് എൽഡിഎഫിന്റെ തുടർഭരണം വേണമെന്നത് വന്നത്.
നമ്മുടെ നാട്ടിൽ ഒട്ടേറെ പദ്ധതികൾ പൂർത്തിയാക്കപ്പെടേണ്ടതുണ്ട്. ഇപ്പോൾ നാടിന്റെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. ആ പ്രശ്നം പരിഹരിക്കാൻ കൂടുതൽ തൊഴിൽ അവസരങ്ങൾ ഇവിടെയുണ്ടാകണം. നേരത്തെ ഇടത് സർക്കാർ ആരംഭിച്ച ഈസ് ഓഫ് ഡുയിങ് ബിസിനസിലൂടെയാണ് നാടിൻറെ വ്യവസായ അന്തരീക്ഷം മാറുക. ഇക്കാര്യത്തിൽ ഇടതുപക്ഷം പ്രകടനപത്രികയിൽ ഏതെല്ലാം തരത്തിൽ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വെറും വീഴ് വാക്കല്ലെന്ന് ജനം പൂർണമായി ഉൾക്കൊള്ളുന്നു. എൽഡിഎഫ് നടപ്പാക്കാൻ കഴിയുന്നതേ പറയൂ. പറയുന്നത് നടപ്പാക്കും എന്ന ഉറച്ച വിശ്വാസം ജനത്തിനുണ്ട്.
അത് മാധ്യമങ്ങൾ നടത്തിയ പ്രചരണത്തിൻറെ ഭാഗമായി ഉണ്ടായതല്ല. ഈ നാട്ടിൽ ജീവിക്കുന്ന കുഞ്ഞുങ്ങൾ അടക്കം എല്ലാവർക്കും അനുഭവവും ബോധ്യവുമാണ്. അതുകൊണ്ടാണ് നമ്മുടെ നാടിന്റെ ഭാവി താൽപര്യത്തിന് എൽഡിഎഫ് തുടർഭരണത്തിൽ വരണമെന്ന് ജനങ്ങൾ തീരുമാനിച്ചത്. അതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കേണ്ടത്. അതിനെതിരെ ഒട്ടേറെ വെല്ലുവിളി ഉയരുന്ന സമയമാണിത്. മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത സമീപനം കേരളത്തിൽ ഉണ്ടാകണം. നമ്മുടെ നാട്ടിലും വർഗീയ ശക്തികളുണ്ട്. അവരുടെ തനത് രീതികൾ കേരളത്തിലും ഉയർത്തിക്കൊണ്ടുവരാൻ അവർ ആഗ്രഹിക്കുകയും ചില ശ്രമം വിവിധ ഘട്ടങ്ങളിൽ ഉണ്ടായിട്ടുമുണ്ട്. അതിനോടൊന്നും വിട്ടുവീഴ്ച ചെയ്യാത്ത സർക്കാർ ഇവിടെയുണ്ടായി എന്നതാണ് ഭീതിജനകമായ ഒരു വർഗീയ സംഘർഷവും കേരളത്തിൽ ഉയർന്നുവരാതിരിക്കാൻ കാരണം. മതനിരപേക്ഷതയുടെ വിളനിലമായി കേരളത്തെ നിലനിർത്തിയതും ഇതാണ്.
നമ്മുടെ സമൂഹത്തിലെ മഹാ ഭൂരിപക്ഷം മതനിരപേക്ഷ ചിന്താഗതിക്കാരാണ്. മതനിരപേക്ഷത സംരക്ഷിക്കാൻ ഇടത് തുടർഭരണം ആവശ്യമാണെന്ന നിലപാട് അവരെല്ലാം സ്വീകരിച്ചു. നാട് വലിയ തോതിൽ സാമ്പത്തികമായി മെച്ചപ്പെട്ടതല്ല. എന്നാൽ ജീവിത നിലവാരം നോക്കിയാൽ വല്ലാതെ തകർന്നുപോയതുമല്ല. ആ ജീവിത നിലവാരം ആ രീതിയിൽ നിലനിർത്താൻ സർക്കാർ വഹിച്ച പങ്കുണ്ട്. അത് ജനക്ഷേമം മുൻനിർത്തി സ്വീകരിച്ച നപടിയാണ്. അത്തരം നടപടികളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും ദരിദ്രരായവർക്കടക്കം സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി. ഇടത് മുന്നണിക്കേ ചെയ്യാനാകൂ എന്നും തങ്ങൾക്ക് ഇന്നത്തെ പോലെ ക്ഷേമത്തോടെ ജീവിക്കാൻ ഇടതുപക്ഷത്തിൻറെ തുടർഭരണം വേണമെന്നും സാധാരണക്കാർ കരുതി. പൊതുവേ സംസ്ഥാനത്താകെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗത്തിലും എല്ലാ കുടുംബങ്ങളിലും ഇതുണ്ടായി.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ തുടർന്നതിനാലാണ് സാമൂഹ്യനീതി ശരിയായി നടപ്പാക്കുന്ന നിലയുണ്ടാവുകയെന്നതും ജനം പൂർണമായി ഉൾക്കൊണ്ടു. ഈ മഹാവിജയം കേരളത്തിലെ ജനങ്ങൾക്ക് വിനയപൂർവം സമർപ്പിക്കുന്നു. കേരളം മാറിമാറി സർക്കാരുകളെ പരീക്ഷിക്കുന്ന ഒരു സംസ്ഥാനമായിരുന്നു. ഇതൊരു സ്വാഭാവിക പ്രക്രിയയായി ചിലർ കരുതി. അത് തിരുത്തുന്ന നിലകൂടിയാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.