ന്യൂഡൽഹി: ഓഖി ദുരന്തത്തിൽപെട്ടവര്‍ക്ക് സഹായവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ. കെ. ആൻറണി. കേരള സർക്കാരിന്റെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ഡൽഹിയിലെ തന്റെ വീട്ടിൽ വിശ്രമിക്കുന്ന ആൻറണിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ചെക്ക് ഏൽപിച്ചത്. അതുകൂടാതെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കോൺഗ്രസിന്റെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി.
എ. കെ ആൻറണിയുടെ ആരോഗ്യവിവരങ്ങൾ തിരക്കിയ പിണറായി ഓഖി ദുരന്തശേഷം ദുരിതാശ്വാസ പ്രവർത്തനത്തിന് സ്വീകരിച്ച നടപടികളും വിശദീകരിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമാണ് പിണറായി ആൻറണിയെ സന്ദർശിച്ചത്.