തിരുവനന്തപുരം: കൊറോണ വൈറസ് (COVID -19) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകള്‍ നീട്ടിയേക്കുമെന്ന സൂചന നല്കി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീന.
ഇക്കാര്യം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലും ചവറയിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. സ്ഥാനാര്‍ഥിയുടെ മരണത്തോടെയോ രാജി വയ്ക്കുന്നതുമൂലമോ മണ്ഡലത്തില്‍ ഒഴിവു വന്നാല്‍ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കണമെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്നത്. അതനുസരിച്ച് ജൂണ്‍ 19ന് മുന്‍പ് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരിക്കണം.
ഇതനുസരിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ, ഏത് സമയത്തും വോട്ടെടുപ്പ് നടത്താന്‍ സജ്ജമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. എന്നാല്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചു മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. കൊറോണയുടെ കാര്യം പരിഗണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടലെന്നും ടിക്കാറാം മീന പറഞ്ഞു.