Gold smuggling case പ്രതി സരിത്തിന്റെ മൊഴി ഞെട്ടിക്കുന്നതെന്ന് കെ സുധാകരൻ

പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വിവാദങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടു വന്നതിന്‍റെ പകപോക്കലാണ് രമേശ് ചെന്നിത്തലയോട് നടത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 11, 2021, 06:50 PM IST
  • സ്വര്‍ണക്കടത്തു കേസിൽ പിണറായി വിജയൻ കേന്ദ്ര ഏജൻസികളുടെ കാലുപിടിക്കുകയാണ്
  • സ്വര്‍ണക്കടത്തു കേസില്‍ പുകമറ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്
  • രമേശ് ചെന്നിത്തലയെ പോലൊരു നേതാവിന്‍റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം
  • സർക്കാരിന്റെ ഇത്തരം ശ്രമങ്ങൾ വിലപ്പോവില്ലെന്നും സുധാകരന്‍
Gold smuggling case പ്രതി സരിത്തിന്റെ മൊഴി ഞെട്ടിക്കുന്നതെന്ന് കെ സുധാകരൻ

തിരുവനന്തപുരം:  സ്വര്‍ണക്കടത്തില്‍ (Gold smuggling case) മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ പേര് ഉണ്ടെന്ന് വരുത്താന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണകടത്തു കേസിലെ പ്രതിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്തു നടത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത്തിനെ കൊണ്ട് ഇത്തരമൊരു മൊഴി ഉണ്ടാക്കുന്നതിനാണ് ജയിലുദ്യോഗസ്ഥരില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അതിനു വഴങ്ങാതിരുന്ന സരിത്തിനെ ജയിലിനകത്ത് ഭീഷണിപ്പെടുത്തിയെന്നും സരിത്തിന്റെ അഭിഭാഷകന്‍ കോടതിയെ (Court) അറിയിച്ചിരിക്കുകയാണ്. 

പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വിവാദങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടു വന്നതിന്‍റെ പകപോക്കലാണ് രമേശ് ചെന്നിത്തലയോട് നടത്തുന്നത്. പക വീട്ടാന്‍ ഏതറ്റവും വരെ പോകുന്ന പിണറായി വിജയന്‍റെ വൃത്തികെട്ട മനസാണ് ഇതിലൂടെ മറനീക്കി പുറത്തുവന്നത്. സ്വര്‍ണക്കടത്തുകാരുമായി ബന്ധപ്പെട്ടത് പിണറായി വിജയന്റെ ഓഫീസും അദ്ദേഹത്തിന്‍റെ വിശ്വസ്തരായ ആളുകളുമാണെന്നത്  ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞ മുഖ്യമന്ത്രിയുടെ (Chief minister) മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഇനിയും സര്‍വീസില്‍ തിരിച്ചെടുത്തിട്ടില്ല.

ALSO READ: Gold Smuggling Case : കോണ്‍ഗ്രസ് നേതാക്കളുട പേര് പറയിക്കാനുള്ള ശ്രമത്തിന്  പിന്നില്‍  മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള കുബുദ്ധിയെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോയാല്‍ അതെത്തുക എവിടെയായിരിക്കുമെന്ന കൃത്യമായ ബോധ്യം പൊതുസമൂഹത്തിനുണ്ട്. അതൊഴിവാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കാലു പിടിക്കുന്ന പിണറായി വിജയന്‍ സ്വര്‍ണക്കടത്തു കേസില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയെ പോലൊരു നേതാവിന്‍റെ പ്രതിച്ഛായ തകര്‍ത്ത് ഈ അധോലോകറാക്കറ്റിന്‍റെ ഭാഗമാണ് പ്രതിപക്ഷത്തുള്ളവരുമെന്ന് വരുത്താനുള്ള പിണറായി വിജയന്‍റെ ശ്രമം വിലപ്പോവില്ല. സര്‍ക്കാരിന്‍റെ ശമ്പളം പറ്റി പിണറായി വിജയനും സിപിഎമ്മിനും വേണ്ടി വിടുപണിയെടുക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്‍റെ വഴിയില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

സരിത്തിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റാനും വ്യാജമൊഴി സൃഷ്ടിക്കാനുമായി ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രമേശ് ചെന്നിത്തലയ്‌ക്കെതിരേ (Ramesh chennithala) പകപോക്കല്‍ രാഷ്ട്രീയം തുടരാനാണ് പിണറായി വിജയന്‍റേയും കൂട്ടരുടേയും നീക്കമെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടാനുള്ള കരുത്ത്  കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുണ്ട്. കള്ളക്കഥകളുണ്ടാക്കി യഥാര്‍ഥ വിഷയങ്ങളില്‍ നിന്നു വഴി തിരിച്ചു വിടാനുള്ള പിണറായി വിജയന്‍റെ ശ്രമം വിലപ്പോവില്ല. ബഹുജനങ്ങളെ അണിനിരത്തി അത്തരം കുത്സിത നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News