ഇടുക്കി: ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യം എത്തുക ചെറുതോണി ടൗണിലാണ്. കനത്ത ജാഗ്രത നിർദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ചെറുതോണിയിൽ നിന്ന് തടിയമ്പാട്, കരിമ്പൻ പ്രദേശങ്ങളിലേക്കാവും വെള്ളം ഒഴുകുക. പിന്നീട് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിൽ എത്തും. ഇവിടെവച്ച് പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേർന്ന് വെള്ളം പാംബ്ല അക്കെട്ടിലേക്ക് ഒഴുകും. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തേക്കും പിന്നീട് ഭൂതത്താൻകെട്ട് അണക്കെട്ടിലേക്കും വെള്ളമെത്തും. ഇവിടെവച്ച്, ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേർന്ന് കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കെത്തും. തുടർന്ന് ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ് പെരിയാർ അറബിക്കടലിൽ ചേരും.
ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് മുൻകരുതൽ നടപടികൾ കൈക്കൊണ്ടു. താലൂക്കുകളിലെല്ലാം തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാലുള്ള സാഹചര്യവും കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവും അറിയിച്ചിട്ടുണ്ട്. ഇടുക്കി ഡാം തുറക്കുന്നതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാണെന്ന് ഭരണകൂടം വ്യക്തമാക്കി. ക്യാമ്പുകളിലേക്കുള്ള ഭക്ഷണം, മരുന്ന് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണ്.
വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലസംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അണക്കെട്ട് ഇന്ന് തുറന്നേക്കാനും സാധ്യത ഉണ്ടെന്നാണ് സൂചന. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം കേരളത്തിൽ ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കാലാവസ്ഥ വകുപ്പ് കേരളത്തിലും ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിന് മുകളിലായാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇത് 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെയാണ് ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുതിനാലും മൺസൂൺ പാത്തി തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിന്‍റെയും സ്വാധീനത്താൽ കേരളത്തിൽ ഓഗസ്റ്റ് 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേരളത്തിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...