തൃശ്ശൂർ: എസ്ഐയെ കള്ളക്കേസിൽ കുടുക്കിയ സി ഐക്കെതിരെ അന്വേഷണം. തൃശൂർ നെടുമ്പുഴ സി ഐ ദിലീപിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് എസ് ഐ ആമോദിനെയാണ് റോഡരികിൽ മദ്യപിച്ചെന്ന കേസിൽ സി ഐ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂലൈ 30നാണ് സംഭവം. ക്രൈം ബ്രാഞ്ച് എസ് ഐ ആമോദ് പൊതുസ്ഥലത്ത് നിന്നും മദ്യപിച്ചു എന്നാരോപിച്ചാണ് നെടുപുഴ സി ഐ ദിലീപ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് അബ്കാരി ആക്ട് പ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 12 മണിക്കൂറിനകം ഇയാളെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. പിന്നീട് സ്റ്റേറ്റ് സ്പെഷ്യൽബ്രാഞ്ചിൻറെ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് ക്രൈം ബ്രാഞ്ച് എസ് ഐ ആമോദിനെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് തെളിഞ്ഞത്. ആമോദിനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കള്ളക്കേസ് ചമച്ചതെന്നാണ് സൂചന.
സി ഐക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പോലീസ് അസോസിയേഷനിലെ ഒരു വിഭാഗം ആരോപണമുയർത്തിയിരുന്നു. തുടർന്ന് ആമോദിന്റെ കുടുംബവും പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു. തുടർന്നാണ് സി ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സി ഐ ദിലീപിനെതിരെ വരും ദിവസങ്ങളിൽ വകുപ്പ് തല നടപടിയുണ്ടായേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...