കൊച്ചി: മാലിന്യ സംസ്ക്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാക്കണമെന്ന് ഹൈക്കോടതി. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണെന്നും ഹൈക്കോടതി പറഞ്ഞു. എന്നാൽ കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്ക് ഈ അവകാശം നഷ്ടമാകുന്നു. അതിനാലാണ് വിഷയത്തിൽ കോടതി കാര്യമായി ഇടപെടുന്നത്. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്. പ്രഥമ പരിഗണന പൊതുജന താൽപര്യത്തിനാണെന്നും കോടതി പറഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. ഉത്തരവാദിത്തപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരൻമാരുടെ അവകാശങ്ങളുടെ സംരക്ഷകർ എന്ന നിലയ്ക്കുമാണ് വിഷയത്തിൽ സ്വമേധയാ കേസെടുത്തതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം വിഷയത്തിൽ സർക്കാർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂൺ ആറ് വരെയുളള ആക്ഷൻ പ്ലാൻ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും എജി കോടതിയെ അറിയിച്ചു. കേരളം മുഴുവൻ ഒരു നഗരമായാണ് കണക്കാക്കേണ്ടത്. ഈ നഗരം മുഴുവൻ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുത് എന്നതാണ് ഉദ്ദേശമെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചപ്പോൾ യോഗം വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ മതി, നാളെ എന്ന് പറയേണ്ടെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഉടൻ വേണ്ടതും ദീർഘകാലത്തേക്ക് ആവശ്യമുള്ളതുമായ പദ്ധതിയാണ് വേണ്ടത്. ഇപ്പോഴത്തെ പ്രശ്നം മാത്രം പരിഹരിച്ചത് കൊണ്ട് കാര്യമില്ലെന്നും ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.
സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാമെന്നായിരുന്നു അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചത്. നിയമങ്ങൾ അതിന്റെ യഥാർഥ ഉദ്ദേശത്തിൽ നടപ്പാക്കപ്പെടുകയെന്നതാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മാലിന്യ സംസ്ക്കരണത്തിന് സംസ്ഥാനത്തൊട്ടാകെ കൃത്യമായ സംവിധാനമുണ്ടാകണം. ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിനുളള സംവിധാനം സർക്കാർ ശക്തമാക്കണം. മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെയും ശക്തമായ നടപടി വേണമെന്നും കോടതി വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്നും കോടതി.
ഇന്നലെ രാത്രി ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം ഉണ്ടായെന്ന് കോർപറേഷൻ സെക്രട്ടറി പറഞ്ഞു. ഇത് അണയ്ക്കുകയും ചെയ്തു. എല്ലാം നിയന്ത്രണത്തിലാണെന്നും വീണ്ടും തീപിടിത്തമുണ്ടായാൽ ഉടൻ കെടുത്താനാകുമെന്നും കോർപറേഷൻ കോടതിയെ അറിയിച്ചു
അതേസമയം ജില്ലാ കലക്ടർക്കും കോടതിയുടെ വിമർശനം. ജില്ലാ കലക്ടർ പൊതുജനങ്ങൾക്ക് എന്തു നിർദേശങ്ങളാണ് നൽകിയതെന്ന് കോടതി ചോദിച്ചു. ആരോഗ്യപ്രശ്നങ്ങളുളളവർ വീട്ടിൽത്തന്നെ കഴിയണമെന്ന് നിർദേശിച്ചതായി കലക്ടർ മറുപടി നൽകി. കലക്ടർക്ക് എല്ലാക്കാര്യങ്ങളിലും പൂർണമായ അറിവ് ഉണ്ടാകണമെന്ന് പറയുന്നില്ല. എന്നാൽ ഇത്തരം വിഷയങ്ങളിൽ വിദഗ്ധോപദേശം തേടി തീരുമാനങ്ങൾ എടുക്കുന്നതാണ് ഉചിതമെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി പറഞ്ഞു.
തീപിടിത്തത്തിന് മൂന്നു ദിവസം മുൻപ് തന്നെ ചൂട് കൂടുന്നതിനാൽ ജാഗ്രതവേണമെന്ന നിർദേശം കോർപ്പറേഷന് നൽകിയിരുന്നുവെന്ന് കലക്ടർ കോടതിയെ അറിയിച്ചു. രണ്ട് ദിവസം കൊണ്ട് തീ അണയ്ക്കുമെന്ന് പറഞ്ഞിരുന്നോ എന്ന് കോടതി കലക്ടറോട് ചോദിച്ചു. അത്തരത്തിലുള്ള റിപ്പോർട്ടാണ് ഫയർ ഉദ്യോഗസ്ഥർ നൽകിയതെന്നായിരുന്നു കലക്ടറുടെ മറുപടി. എന്നാൽ ജില്ലാ കലക്ടർക്ക് വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിശദമായ റിപ്പോർട്ട് വെളളിയാഴ്ച നൽകണമെന്ന് ജില്ലാ കലക്ടരോട് ഹൈക്കോടതി നിർദ്ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...