തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുവെന്ന് കോടിയേരി കുറ്റപ്പെടുത്തി. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടയേരിയുടെ വിമര്‍ശനം.
ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സര്‍ക്കാരിനേയും അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ സ്ഥാനമെന്നും അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണെന്നും കോടിയേരി വിമര്‍ശിച്ചു.
പാര്‍ട്ടി തലത്തില്‍ സിപിഎം ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മുന്നോട്ട് തന്നെയാണ് എന്നതിന്റെ സൂചനയാണ് കോടിയേരിയുടെ വിമര്‍ശനത്തില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം വിഷയം കൂടുതല്‍ വഷളാകാതിരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അയഞ്ഞ നിലപാടാണ് ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കുന്നത്.
പൗരത്വനിയമഭേദഗതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെയടക്കം വിമര്‍ശിച്ച് ഗവര്‍ണര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. എന്നാല്‍ ഗവര്‍ണരുടെ നടപടികള്‍ക്കെതിരെ
ഭരണ-പ്രതിപക്ഷ ഭേദമന്യേ കക്ഷികള്‍ പ്രതികരിച്ചു.
ഗവര്‍ണറെ മാത്രമല്ല കേന്ദ്ര സര്‍ക്കാരിനെയും കോടിയരി വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും വെല്ലുവിളി നേരിടുകയാണെന്നും ഭരണഘടന പൗരന് നല്കുന്ന മൗലിക അവകാശങ്ങള്‍ ഇല്ലാതാക്കി ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കോടിയേരി ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.