അന്തരിച്ച സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന്‍ സിപിഎം ഉപരോധിച്ചു. കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പില്‍ അധിക്ഷേപകരമായ പോസ്റ്റും അടിക്കുറിപ്പും പങ്കുവച്ച എം എ ഉറൂബിനെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യപ്പെട്ടായിരുന്നു സിപിഎമ്മിന്റെ ഉപരോധം. മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാന്‍ ആയിരുന്നു എം എ ഉറൂബ്.
ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന ഉറൂബ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകിയെന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. കൊയ്ത്തൂര്‍ക്കോണം സ്വദേശിയായ ഉറൂബ് പോത്തന്‍കോട് എല്‍വിഎച്ച്എസ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കൂടിയാണെന്നാണ് ഫേസ്ബുക്ക് കുറിപ്പുകളില്‍ നിന്ന് വ്യക്തമാവുന്നത്. എൽവിഎച്ച്എസ് പിടിഎ 2021-22 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് കുറിപ്പിട്ടത്. സിപിഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ പരാതി നല്‍കിയത്.
അതേസമയം കോടിയേരിയുടെ മൃതദ്ദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം റോഡ് മാർഗ്ഗം വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകാൻ ആരംഭിച്ചു. 14 ഇടങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി, എസ് ആർ പി ഉൾപ്പടെയുള്ള നേതാക്കൾ തലശ്ശേരി ടൗൺ ഹാളിൽ എത്തും. ഉച്ചക്ക് മൂന്ന് മണി മുതൽ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.
നാളെ രാവിലെ 10 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. കോടിയേരിയെ ഒരു നോക്കു കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് വൻ ജനാവലിയാണ് എത്തിയിരിക്കുന്നത്. വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും സുരക്ഷ ശക്തമാക്കാനും മൂന്ന് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരെ കൂടി നിയമിച്ചിട്ടുണ്ട്. തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ദുഃഖസൂചകമായി നാളെ കണ്ണൂർ, തലശ്ശേരി ധർമ്മടം എന്നിവിടങ്ങളിൽ ഹർത്താലും സിപിഎം ആചരിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.