ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദം അസാനി ചുഴലിക്കാറ്റായി മാറി. അസാനി വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ വീശാവുന്ന അസാനി. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.
ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിന്‍റെ ഇപ്പോഴത്തെ സഞ്ചാര പാത വടക്ക് പടിഞ്ഞാറൻ ദിശയിലാണ്. ആന്ധ്ര ഒഡീഷ തീരങ്ങളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ അസാനി ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുക്കുമെങ്കിലും കരതൊടാതെ കടന്നുപോകുമെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച ആന്ധ്രയുടെ തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. പശ്ചിമബംഗാളിലും കൊൽക്കത്തയിലും മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ശ്രീലങ്കയാണ് കാറ്റിന് അസാനി എന്ന് പേരിട്ടത്. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അസാനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ആന്ധ്ര, ഒഡീഷ തീരങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...