കര്‍ണാടകയില്‍ മലയാളി വിദ്യര്‍ത്ഥിനി ക്രൂരമായ റാഗിങ്ങിന് ഇരയായ സംഭവം: നാല് മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസ്

കര്‍ണാടകയില്‍ മലയാളിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനി റാഗിങ്ങിനിരയായ സംഭവത്തില്‍ നാല് മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ  കോഴിക്കോട് മെഡിക്കല്‍ കൊളേജ് പൊലീസ് കേസെടുത്തു. 

Last Updated : Jun 22, 2016, 05:46 PM IST
കര്‍ണാടകയില്‍ മലയാളി വിദ്യര്‍ത്ഥിനി ക്രൂരമായ റാഗിങ്ങിന് ഇരയായ സംഭവം: നാല് മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസ്

കോഴിക്കോട്: കര്‍ണാടകയില്‍ മലയാളിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനി റാഗിങ്ങിനിരയായ സംഭവത്തില്‍ നാല് മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ  കോഴിക്കോട് മെഡിക്കല്‍ കൊളേജ് പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര ശില്‍പ, കൃഷ്ണ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്.ശുചിമുറിയില്‍ ഉപയോഗിക്കുന്ന ലായിനി കുടിപ്പിച്ചത് ഇവരാണെന്നാണ് പരാതി. കേസ് കര്‍ണാടക പോലീസിന് കൈമാറാന്‍ എഫ്‌ഐആറുമായി പൊലീസ് സംഘം കര്‍ണാടകയിലേക്ക് തിരിച്ചു.

അതേസമയം, സംഭവത്തെ ആത്മഹത്യശ്രമമാക്കി മാറ്റാനുള്ള നീക്കം കോളെജ് അധികൃതരുടെ ഭാഗത്തു നിന്ന് നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.റാഗിംഗ് ആരോപണം കളവാണെന്നും കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നുമാണ് അവരുടെ നിലപാട്. എടപ്പാള്‍ സ്വദേശിനിയും ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയുമായ അശ്വതി(18)യാണ് മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ ക്രൂരതയ്ക്കിരയായത്. വിവസ്‌ത്രയായി നൃത്തംചെയ്യാൻ വിസമ്മതിച്ചതിന്‍റെ പേരിലാണ് വീര്യംകൂടിയ ഫിനോള്‍ ദ്രാവകം കുടിപ്പിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതി പറഞ്ഞു.

മെയ് 9നാണ് എടപ്പാൾ സ്വദേശിയായ അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ബലമായി ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥിനിയുടെ അന്നനാളം വെന്തുരുകിയ നിലയിലായിരുന്നു. കൂടാതെ അതിക്രൂരമായ റാഗിങ്ങിന്‍റെ രംഗങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്‌തു. ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചതോടെ രക്തം ഛര്‍ദ്ദിച്ച് അവശനിലയിലായ കുട്ടിയെ മറ്റു കുട്ടികള്‍ ചേര്‍ന്ന് കര്‍ണാടകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പൊലീസെത്തി മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ കഴിയാത്തതിനാൽ തിരിച്ചുപോയി. 

വീണ്ടും മൊഴിയെടുക്കാൻ എത്തുമെന്ന സൂചനയെത്തുടർന്നു മുതിർന്ന വിദ്യാർഥികൾ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ ഡിസ്‌ചാർജ് ചെയ്യിപ്പിക്കുകയായിരുന്നെന്നു പറയുന്നു. പിന്നീട് സഹപാഠികൾക്കൊപ്പം നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. ആദ്യം എടപ്പാളിലെയും പിന്നീടു തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും വിദഗ്‌ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.

Trending News