മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചിട്ടില്ലെന്ന് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ. കടുവയെ ചത്ത നിലയിലാണ് കണ്ടെത്തിയത്. വെടിവെച്ചിട്ടില്ല. രാത്രി അത്തരത്തിലുള്ള പ്രവർത്തനം അസാധ്യമായിരുന്നുവെന്നും അരുൺ സക്കറിയ പറഞ്ഞു.
രാത്രി 12.30 കടുവയെ കണ്ടെതായി വിവരം ലഭിച്ചു. 2.20 വരെ കടുവയെ നിരീക്ഷിച്ചിരുന്നു. 6.30നാണ് ജഡം ലഭിച്ചത്. തിങ്കളാഴ്ച രാവിലെ ഒരു വീടിന്റെ അരികില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മരണപ്പെട്ടത് രാധയെ കൊന്ന കടുവയാണ് ചത്തതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അധികം പ്രായമില്ലാത്ത കടുവയാണ്, ഏറിയാല്‍ ആറോ ഏഴോ വയസ് പ്രായമുള്ള പെൺകടുവയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: സംസ്ഥാനത്ത് ഇന്നു മുതൽ മദ്യ വിലയിൽ മാറ്റം; 341 ബ്രാൻഡുകളുടെ വില വർധിക്കും
കടുവയുടെ ശരീരത്തിൽ മുറിവുകളുണ്ട്. കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. മരണകാരണം മറ്റു കടുവയുമായി അടികൂടിയുണ്ടായ മുറിവുകളാണെന്ന് പ്രാഥമികമായി പറയാം. പഴക്കമുള്ള മുറിവുകളും ശരീരത്തിലുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂവെന്നും ഡോ. അരുണ്‍ സക്കറിയ വ്യക്തമാക്കി. കടുവയെ കുപ്പാടിയിലെ ആശുപത്രിയിലെത്തിച്ചു.
വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും തെരച്ചിലിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് നാലാംനാള്‍ പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച കടുവയുടെ മൃതദേഹം ലഭിക്കുന്നത്.പഞ്ചാരക്കൊല്ലിയിലാകെ ആശങ്ക പരത്തിയ കടുവയെ കണ്ടെത്തി കൊല്ലാന്‍ 10 സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. പഞ്ചാരക്കൊല്ലി മേഖലയില്‍ ഇന്ന് കര്‍ഫ്യുവും പ്രഖ്യാപിച്ചിരുന്നു.