Thiruvananthapuram : കേരളത്തിലെ ക്രൈസ്തവ സമുദായത്തിൻ്റെ ആശങ്ക തുറന്ന് പറഞ്ഞതിൻ്റെ പേരിൽ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ (Pala Bishop Joseph Kalanrangatt) ഒറ്റപ്പെടുത്തി ആക്രമിക്കുന്നവർ ഇസ്ളാമിക് സ്റ്റേറ്റ് (Islamic State) വക്താക്കളാണോയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ (V Murlidharan) പറഞ്ഞു. ബിഷപ്പിനെതിരെ UDF, CPM നേതാക്കൾ നടത്തികൊണ്ടിരിക്കുന്ന പരാമർശങ്ങൾ അപ്രിയ സത്യങ്ങൾ പറയുന്നവർക്കെതിരായ ആക്രമണമാണെന്ന് വി മുരളിധരൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ബിഷപ്പിനെ ആക്രമിച്ചത് കൊണ്ട് സത്യങ്ങൾ ഇല്ലാതാവില്ല . മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ബിഷപ്പിൻ്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയതോടെ ഇവർ ഐഎസ് വക്താക്കളാണോ എന്ന ചോദ്യമാണ് ഉയരുന്നത്" മന്ത്രി വി മുരളിധരൻ പറഞ്ഞു.
നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലൂടെ മുസ്ളീം സമുദായത്തെ ഒന്നടങ്കം അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല. എന്നാൽ ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചെറു വിഭാഗത്തെ മാത്രമാണ് ബിഷപ്പ് പരാമർശിച്ചത്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ആശങ്കയുള്ളവരിൽ ഹിന്ദു സമുദായവുമുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന് ആധികാരികമായി തന്നെ പറയുകയായിരുന്നു ബിഷപ്പ്. സമുദായത്തിൻ്റെ ആശങ്ക തുറന്ന് പറഞ്ഞതിൻ്റെ പേരിൽ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അത് നടക്കില്ല. പാലാ ബിഷപ്പിനെതിരെ പറയുന്നവരെ നയിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ആശയങ്ങൾ ആണെന്നും മന്ത്രി പറഞ്ഞു.
നാർകോട്ടിക് ജിഹാദ് പുതിയ വാക്ക് എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ ഭീകരവാദ സംഘടനകൾ ഫണ്ട് കണ്ടെത്തുന്നത് ലഹരി വിൽപ്പനയിലൂടെയാണെന്ന് നിരവധി അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത ലഹരി മരുന്ന് കേസിലെ പ്രതികളെ രക്ഷിക്കാൻ എക്സൈസ് തന്നെ രംഗത്തെത്തി. ലഹരിമാഫിയയുടെ ആളുകളായി എക്സൈസ് പോലും മാറുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്.
ലവ് ജിഹാദിനെതിരെ പ്രതികരിക്കുകയും മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ നിലപാട് തിരുത്തുകയും ചെയ്ത കേരളാ കോൺഗ്രസ്സ് എം നേതാവ് ജോസ് കെ മാണിക്ക് നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച് അഭിപ്രായം ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്രിയ സത്യങ്ങൾ പറയുന്നവരെ വളഞ്ഞിട്ടാക്രമിക്കുന്നത് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം കൂടുതൽ മോശമാക്കാൽ മാത്രമേ ഉപകാരപ്പെടൂ. ഇതിൽ നിന്ന് പിൻമാറാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാകണം. ന്യൂനപക്ഷങ്ങളിൽ ബഹുഭൂരിപക്ഷവും ജിഹാദികളല്ല. മുസ്ലീങ്ങളടക്കം എല്ലാ മതസ്ഥരും ജിഹാദികൾക്കെതിരെ രംഗത്തെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...