ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ വിതുമ്പി ഇടുക്കി കഞ്ഞിക്കുഴിയിലെ ഉമ്മൻചാണ്ടി കോളനി. ഉമ്മൻചാണ്ടിയുടെ ശ്രമഫലമായാണ് ആദിവാസി മന്നാൻ സമുദായത്തിലെ നിരവധി കുടുംബങ്ങൾ ഈ പ്രദേശത്ത് താമസം ആരംഭിച്ചത്. ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനാർത്ഥമാണ് ഈ കോളനിക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ വലിയ മുന്നേറ്റമാണ് ഇടുക്കി കഞ്ഞിക്കുഴിയിലെ ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന ഉമ്മൻ ചാണ്ടി കോളനിക്ക് ഉണ്ടായിട്ടുള്ളത്. ഇടുക്കി ജില്ലയിൽ എവിടെ സന്ദർശനം നടത്തിയാലും സ്വന്തം പേരിലുള്ള കോളനിയിൽ ഉമ്മൻ ചാണ്ടി എത്തുമായിരുന്നു.
ഉമ്മൻ ചാണ്ടി എന്ന പ്രിയങ്കരനായ നേതാവ് തങ്ങളെ വിട്ടു പോയതായി ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് കോളനിയുടെ ഊരുമൂപ്പനും കഞ്ഞിക്കുഴി പഞ്ചായത്ത് അംഗവുമായ സുകുമാരൻ പറയുന്നു. പനംകുട്ടി, കല്ലാർകുട്ടി, പെരിഞ്ചാംകുട്ടി, പ്രദേശങ്ങളിൽ നിന്ന് കുടിയിരുത്തപ്പെട്ട ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് കഞ്ഞിക്കുഴിയിലെ ഉമ്മൻ ചാണ്ടി കോളനിയിൽ ഇപ്പോൾ താമസിക്കുന്നത്. 1970ൽ ആയിരുന്നു ഇവർ ഇവിടെ താമസം ആരംഭിച്ചത്.
1979-ൽ 39 ഓളം കുടുംബങ്ങൾക്ക് ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്ന് പട്ടയം ലഭിച്ചു. ഈ കോളനിക്കാരുടെ ക്ഷേമത്തിനുവേണ്ടി അഹോരാത്രം ശ്രമങ്ങൾ നടത്തിയ ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹത്തിലാണ് ജനങ്ങൾ കോളനിക്ക് ഉമ്മൻ ചാണ്ടി കോളനിയെന്ന് പേര് നൽകിയതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...