തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ കേരള ജനപക്ഷം സെക്യുലർ പാർട്ടി ചെയർമാൻ പി സി ജോര്‍ജിനെ പോലീസ് ചോദ്യം ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മതസ്പര്‍ദ്ദയ്ക്ക ശ്രമിച്ചിട്ടില്ലെന്ന് പി സി ജോര്‍ജ് പോലീസിനോട് ആവർത്തിക്കുകയും ചെയ്തു. ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ വീണ്ടും ഹാജരാകണമെന്നും പോലീസ് പിസിയോട് ആവശ്യപ്പെട്ടു. അതേസമയം തനിക്കെതിരെയുള്ള കേസിന് പിന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് പിസി ജോർജ് ആരോപിക്കുകയും ചെയ്തു.
കേസില്‍ രാവിലെ 11 മണിക്കാണ് പി സി ജോര്‍ജ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരായത്. പോലീസ് സ്‌റ്റേഷനിലെത്തിയ പി സി ജോര്‍ജിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘം വൈദ്യ-കോവിഡ് പരിശോധന നടത്തി. ചോദ്യം ചെയ്യൽ മൂന്നു മണിക്കൂറോളം നീണ്ടു നിന്നു.
തിരുവനന്തപുരത്ത് വെച്ച് നടന്ന ഹിന്ദുമഹാ സഭയുടെ സമ്മേളനത്തിൽ വെച്ചാണ് കേസിന് ആസ്പദമായ വിദ്വേഷ പ്രസംഗം പിസി നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു അന്വേഷണ സംഘം ചോദിച്ചത്. പിസിയുടെ പ്രസംഗത്തിന് പിന്നിൽ എന്തെങ്കിലും ഗൂഡാലോചനയുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം മതസ്പര്‍ദ്ദയുണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തുവന്ന പി സി ജോര്‍ജ് മാധ്യമങ്ങളോടായി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നും പി സി ജോര്‍ജ് ആരോപിച്ചു. ശാസ്ത്രീയ പരിശോധനക്ക് ശബ്ദ സാമ്പിള്‍ ഇന്ന് ശേഖരിച്ചില്ല. പി സി ജോര്‍ജിന്റെ അസൗകര്യം പരിഗണിച്ച് അടുത്ത ദിവസം ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കി.
ALSO READ : കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ; സ്കൂളുകളിൽ മിന്നൽ പരിശോധന നടത്തി മന്ത്രിമാർ
മെയ് മാസം 29 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പോലീസ് നോട്ടീസ് നല്‍കിയിരുന്നതെങ്കിലും തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ പി സി ജോര്‍ജ് അസൗകര്യം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് പി സി ജോര്‍ജ് സഹകരിക്കുന്നതായി പോലീസ് പറഞ്ഞു. കൂടാതെ കേസില്‍ ഹിന്ദുമഹാസമ്മേളനത്തിീന്റെ കോര്‍ ഓര്‍ഡിനേറ്ററില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.