തിരുവനന്തപുരം: എസ്എടി ആശുപത്രി മൂന്ന് മണിക്കൂർ ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയെന്ന് റിപ്പോർട്ട്. ആശുപത്രിയിലെ പിഡബ്ള്യുഡി ഇലക്ട്രിക്കൽ വിഭാഗത്തയാണ് കെഎസ്ഇബി പഴിക്കുന്നത്. കെഎസ്ഇബിക്ക് നേരെയും വിമർശനമുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വൈദ്യുതി മുടങ്ങിയ സംഭവത്തിൽ ഉന്നത സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് ഒടുവിൽ വൈദ്യുതി പുനസ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്.
സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയിലാണ് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ ഈ ഗുരുതര അനാസ്ഥ ഉണ്ടായതെന്നത് ശ്രദ്ധേയം. മൂന്ന് മണിക്കൂറാണ് കുഞ്ഞുങ്ങളും അമ്മമാരും ശരിക്കും ഇരുട്ടിൽ തപ്പിയത്. എസ്എടി ലൈനിലും ട്രാൻസ്ഫോർമറിലും കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണി വൈകീട്ട് മൂന്നരക്കാണ് തുടങ്ങിയത്. അഞ്ചരവരെ പണിയുണ്ടാകുമെന്ന് ആശുപത്രി അധികൃതരെ രേഖാമൂലം അറിയിച്ചുവെന്നാണ് കെഎസ്ഇബി സംഭവത്തിൽ നൽകിയിരിക്കുന്ന വിശദീകരണം. പക്ഷെ അഞ്ചരക്ക് പണി തീർന്ന് ലൈൻ ഓൺ ചെയ്തിട്ടും ആശുപത്രിയിൽ കറൻ്റ് വന്നിരുന്നില്ല. ഇതിനു കാരണം ആശുപത്രിയിലെ വാക്വം സർക്യൂട്ട് ബ്രേക്കർ (വിസിബി) തകരാറിലായതാണ്. വീണ്ടും അഞ്ചര മുതൽ ഏഴരവരെ ജനറേറ്റർ ഓടിച്ചു.
ഏഴരക്ക് ആശുപത്രിയിലെ രണ്ട് ജനറേറ്ററുകളും കേടായതോടെ മൊത്തം ഇരുട്ടായി. ഇതിനിടയിൽ ഡോക്ടർമാർ രോഗികളെ നോക്കിയത് ടോർച് വെളിച്ചത്തിലായിരുന്നു. ഇതിനെ തുടർന്ന് പിന്നീട് വലിയ പ്രതിഷേധമാണ് ആശുപ്രത്രിയിൽ അരങ്ങേറിയത്. പ്രതിഷേധം കടുത്തതോടെ പത്തരയോടെ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് ആശുപ്രത്രിയിൽ വെളിച്ചം വന്നത്. അത്യാഹിത വിഭാഗം അടക്കമുള്ള പ്രവർത്തിക്കുന്ന ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ തയ്യാറാക്കുന്നതിലാണ് വൻ വീഴ്ചയുണ്ടായത്. എസ്എടി പോലുള്ള ആശുപത്രിയിൽ മൂന്ന് മണിക്കൂർ കറൻറ് പോയത് കുഞ്ഞുങ്ങളുടെ ജീവൻ വെച്ചുള്ള കളിയാണെന്നതിൽ ഒരു സംശയവുമില്ല.
പക്ഷെ ഐസിയു ഉൾപ്പെടുന്ന ഗോൾഡൻ ജൂബിലി ബ്ലോക്കിൽ വൈദ്യുതി മുടങ്ങിയിരുന്നില്ല എന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞയുടൻ വൈദ്യുതി മന്ത്രിയുമായും പിഡബ്ല്യുഡി സെക്രട്ടറിയുമായും സംസാരിച്ചിരുന്നുവെന്നും. ബാക്കപ്പ് ജനറേറ്ററിന് സംഭവിച്ചത് എന്താണെന്ന് കണ്ടെത്തണമെന്നും. നിലവിൽ കുട്ടികളടക്കം ആശുപത്രിയിലുള്ളവർ സുരക്ഷിതരാണെന്നും. കറന്റ് പോയ വിവരം ആശുപത്രി അധികൃതർ എത്ര മണിക്കാണ് അതത് വകുപ്പുകളെ അറിയിച്ചതെന്ന് അന്വേഷിക്കുമെന്നും. ഏതെങ്കിലും വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും. ബാക്കപ്പ് സപ്പോർട്ടിൽ രണ്ട് തവണ പ്രശ്നമുണ്ടായത് അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിനിടയിൽ എസ് എ ടി ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധി തുടരുന്നുവെന്നാണ് റിപ്പോർട്ട്. അത്യാഹിത വിഭാഗം ഇപ്പോഴും പ്രവർത്തിക്കുന്നത് ജനറേറ്ററിന്റെ സഹായത്തോടെയാണെന്നും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കേണ്ടി വരുമെന്നുമാണ് അധികൃതർ പറയുന്നത്.
സംഭവത്തിൽ ബിജെപി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. വൈദ്യുതി വന്ന ശേഷമായിരുന്നു ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.