തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെറും ഡയലോഗ് സതീശൻ ആയി മാറിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിക്കലും തെറിവിളിക്കലും ആണ് ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ പ്രധാന ജോലി. കഴിഞ്ഞ രണ്ടര വർഷമായി അദ്ദേഹം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എൽഡിഎഫ് നേതാക്കളെയും തെറി വിളിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായ മര്യാദകൾ പാലിക്കാതെ വെറും ഡയലോഗ് സതീശനായി വി ഡി സതീശൻ മാറിക്കൊണ്ടിരിക്കുകയാണ് എന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ ശക്തമാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് ആറ്റിങ്ങലിൽ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ മര്യാദയും ലംഘിക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ കാണുന്നത്. ആണി അടിച്ച പട്ടിക ഉൾപ്പെടെ മാരകായുധങ്ങളുമായി സെക്രട്ടറിയേറ്റിന്റെ മുമ്പിൽ സമരം നടത്തുന്നു. പോലീസ് അറസ്റ്റ് ചെയ്യുന്ന ക്രിമിനലുകളെയും ക്വട്ടേഷൻ സംഘങ്ങളെയും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഇറക്കി അദ്ദേഹത്തിൻറെ ഔദ്യോഗിക വാഹനത്തിൽ കൊണ്ടുപോകുന്നു.
ALSO READ: കേസെടുത്ത് പേടിപ്പിക്കേണ്ട, ജയിലിൽ പോകാനും തയ്യാർ: വെല്ലുവിളിച്ച് വി.ഡി സതീശൻ
പ്രതിപക്ഷ നേതാവിന് വ്യക്തിപരമായി പല പ്രശ്നങ്ങളും ഉണ്ടാകും. അദ്ദേഹം സ്വന്തം പാർട്ടിയിൽ ഒറ്റപ്പെടുന്നു. ചാൻസലർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന മതനിരപേക്ഷ കേരളം ആകെ എതിർക്കുന്നു. വ്യാജ ഐഡി കാർഡ് വിഷയത്തിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു. ഇത് പ്രതിപക്ഷ നേതാവും അദ്ദേഹത്തിൻറെ സ്വന്തക്കാരായ ചിലരും കൂടി ചേർന്ന് നടത്തിയ ഏർപ്പാടാണെന്ന് പൊതുവേ ചർച്ച ചെയ്യപ്പെടുന്നു. അതിൻ്റെ അങ്കലാപ്പിൽ അതെല്ലാം മറച്ചു വെക്കാൻ ഇപ്പൊൾ എന്തൊക്കെയോ വിളിച്ചു പറയുകയാണ്.
നവ കേരള സദസ്സ് തിരുവനന്തപുരത്ത് എത്തിയപ്പോൾ നടത്തിയ അക്രമ സമരങ്ങൾ വളരെ ബോധപൂർവമാണ്. നവകേരള സദസിന്റെ ശോഭ കെടുത്തുകയും അതിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുകയും ആണ് അവരുടെ ലക്ഷ്യം. എന്നാൽ ഇവരുടെ സമരത്തോടെ പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ടിയോളം ആയി വർധിക്കുകയാണ് ചെയ്തത്. തുടക്കം മുതലേ കലാപം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാൽ അതിനനുസരിച്ച് ഓരോ കേന്ദ്രത്തിലും ആളുകൾ വർദ്ധിക്കുകയാണ് ചെയ്തത്.
എൽഡിഎഫിലും യുഡിഎഫിലും ആയി നിരവധി പ്രതിപക്ഷ നേതാക്കൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇങ്ങനെ പക്വത കുറഞ്ഞ ഒരു പ്രതിപക്ഷ നേതാവ് ഇതുവരെ ഉണ്ടായിട്ടില്ല. പ്രതിപക്ഷനേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഒരു സമര പാരമ്പര്യവും ഇല്ലാത്ത ആളാണ് അദ്ദേഹം. അതിൻറെ പരിചയക്കുറവ് അദ്ദേഹത്തിനുണ്ട്. അപ്പോൾ ഇതുപോലെ സമരങ്ങളിൽ മൈക്ക് കയ്യിൽ കിട്ടുമ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയും. കേസിൽ പ്രതിയാകുമ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട് ആഘോഷിക്കും. അദ്ദേഹത്തിന് ഇതെല്ലാം പുതിയ അനുഭവങ്ങൾ ആയി തോന്നുന്നു കൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.