സുരേഷ് ഗോപി സജീവരാഷ്ട്രീയം വിടുന്നില്ല; കോര്‍ കമ്മിറ്റിയിലേക്ക്, അതും കീഴ് വഴക്കങ്ങള്‍ അട്ടിമറിച്ച്! ലക്ഷ്യം ഒന്നുമാത്രം

Suresh Gopi: രാജ്യസഭ എംപി കാലാവധി കഴിഞ്ഞതോടെ സുരേഷ് ഗോപി സിനിമകളിൽ സജീവമാവുകയായിരുന്നു. ഈ ഘട്ടത്തിൽ പുറത്തിറങ്ങിയ പാപ്പൻ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Oct 14, 2022, 01:02 PM IST
  • കീഴ് വഴക്കങ്ങൾ പൂർണമായും മറി കടന്നുകൊണ്ടാണ് സുരേഷ് ഗോപി കോർ കമ്മിറ്റിയിലേക്ക് എത്തുക
  • സംസ്ഥാന നേതൃത്വത്തിന് ഒരു മുന്നറിയിപ്പ് കൂടിയായിരിക്കും സുരേഷ് ഗോപിയുടെ വരവ്
  • കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക താത്പര്യമാണ് ഇത്തരമൊരു തീരുമാനത്തിന് പിറകിൽ
സുരേഷ് ഗോപി സജീവരാഷ്ട്രീയം വിടുന്നില്ല; കോര്‍ കമ്മിറ്റിയിലേക്ക്, അതും കീഴ് വഴക്കങ്ങള്‍ അട്ടിമറിച്ച്! ലക്ഷ്യം ഒന്നുമാത്രം

തിരുവനന്തപുരം: സിനിമ താരവും മുന്‍ രാജ്യസഭാംഗവും ആയ സുരേഷ് ഗോപിയെ ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച് സംസ്ഥാന തലത്തില്‍ ധാരണയായിക്കഴിഞ്ഞു എന്നാണ് വിവരം. ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ സുരേഷ് ഗോപി കേരളത്തിലെ കോര്‍ കമ്മിറ്റി അംഗമാകും. വരാന്‍ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കം. സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത് കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യപ്രകാരം ആണ്.

രാജ്യസഭയിലെ കാലാവധി കഴിഞ്ഞതോടെ സുരേഷ് ഗോപി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്നു എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ വന്നത്. രണ്ടാമത് ഒരു ടേം കൂടി അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നും എന്നാല്‍ നേതൃത്വം അത് അനുവദിച്ചില്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പദവികളില്ലാതെ സജീവരാഷ്ട്രീയത്തില്‍ തുടരുന്നില്ല എന്ന നിലപാടിലേക്ക് ഇതോടെ സുരേഷ് ഗോപി മാറി എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിറകെ അദ്ദേഹം സിനിമയില്‍ സജീവമാവുകയും ചെയ്തു.

Read Also: സുരേഷ് ഗോപി തന്റെ പേരിൽ മാറ്റം വരുത്തി; ഇനി 'Suressh Gopi' എന്ന് വിളിക്കണം!

എന്തായാലും ഇനി രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവനമാകും എന്ന് തന്നെ കരുതണം. കീഴ് വഴക്കങ്ങള്‍ മറികടന്നുകൊണ്ടാണ് സുരേഷ് ഗോപി കോര്‍ കമ്മിറ്റിയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സംസ്ഥാന അധ്യക്ഷനും മുന്‍ അധ്യക്ഷന്‍മാരും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും ആണ് സാധാരണ കോര്‍ കമ്മിറ്റിയില്‍ അംഗങ്ങളാവുക. സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രനെ മുമ്പ് കോര്‍ കമ്മിറ്റിയില്‍ അംഗമാക്കാതിരുന്നത് ഈ കീഴ് വഴക്കം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. എന്നാല്‍ സുരേഷ് ഗോപിയ്ക്കും ഇത്തരത്തില്‍ ഒരു പാര്‍ട്ടി പദവിയും ഇല്ല. അതുകൊണ്ട് തന്നെ സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ എത്തുമ്പോള്‍ അത് ബിജെപിയ്ക്കുള്ളില്‍ പുതിയ ഒരു കീഴ് വഴക്കവും സൃഷ്ടിക്കും. 

രാഷ്ട്രീയത്തിനപ്പുറം ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ബിജെപിയിലെ ഏക നേതാവ് എന്നും സുരേഷ് ഗോപിയെ വിശേഷിപ്പിക്കാം. തൃശൂര്‍ മണ്ഡലത്തില്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം സൃഷ്ടിച്ച ഓളം ഭാവിയില്‍ വിജയത്തിന് വഴിയൊരുക്കും എന്നാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത ബന്ധവും സുരേഷ് ഗോപി പുലര്‍ത്തുന്നുണ്ട്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനം മാറ്റുന്ന സാഹചര്യം, കേന്ദ്രത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്നും സൂചനകളുണ്ട്.

Read Also:  'താടി വളർത്തിയും ഡേറ്റ് കൊടുത്തും എന്റെ 150 ദിവസം വെറുതെ പോയി'; ഒറ്റക്കൊമ്പന്റെ അണിയറപ്രവർത്തകർക്കതെിരെ സുരേഷ് ഗോപി

സംസ്ഥാനത്തെ ബിജെപിയുടെ പരമോന്നത സമിതി ആണ് കോര്‍ കമ്മിറ്റി. സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയിലേക്ക് കൊണ്ടുവന്നത്, സംസ്ഥാന തലത്തില്‍ തന്നെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര നേതൃത്വം. സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും പുറത്ത് നിന്നും ഒരുപാട് പരാതികളും ആരോപണങ്ങളും ഉയര്‍ന്നുവന്നപ്പോഴും കടുത്ത നടപടികളിലേക്ക് കടക്കാതെ സംയമനം പാലിക്കുകയായിരുന്നു കേന്ദ്ര നേതൃത്വം. കീഴ് വഴക്കങ്ങള്‍ മറികടന്നു സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയിലേക്ക് കൊണ്ടുവരുന്നത് പോലും നിലവിലെ നേതൃത്വത്തിനുള്ള ഒരു മുന്നറിയിപ്പായി വിലയിരുത്തപ്പെടുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News