തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും (Electricity shortage) സംസ്ഥാനത്ത് തല്ക്കാലം ലോഡ്ഷെഡിംഗും പവര്‍കട്ടും ഉണ്ടാകില്ല. 19 വരെ ലോഡ്ഷെഡിംഗും പവര്‍കട്ടും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ (High level meeting) ധാരണയായി. പ്രതിദിനം രണ്ട് കോടിയോളം അധികം ചെലവിട്ട് പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും.
അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടര്‍ നടപടി തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. ഇതില്‍ 2200 മെഗാവാട്ടും പുറത്ത് നിന്നുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്.
കല്‍ക്കരി ക്ഷാമം മൂലം ഉത്പാദനത്തില്‍ കുറവ് വന്നതോടെ കേരളത്തിന് പ്രതിദിനം 1800 മുതല്‍ 1900 മെഗാവാട്ട് വരെ വൈദ്യുതി മാത്രമാണ് ലഭിക്കുന്നത്. മൂന്നൂറ് മുതല്‍ 400 മെഗാവട്ട് വരെ വൈദ്യുതിയുടെ കുറവാണുള്ളത്. ഇത് മറികടക്കാന്‍ രണ്ട് കോടിയോളം അധികം ചെലവിട്ട് മൂന്നൂറ് മെഗാവാട്ട് വൈദ്യുതിയോളം പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വാങ്ങുകയാണ്.
അടുത്ത ചെവ്വാഴ്ച വരെ ഈ സ്ഥിതി തുടരും. കല്‍ക്കരി ക്ഷാമം പരിഹരിക്കുമെന്ന കേന്ദ്ര ഊര്‍ജ്ജമന്ത്രിയുടെ ഉറപ്പ് അംഗീകരിച്ച് കൊണ്ടാണ് തല്ക്കാലം പവര്‍കട്ടും ലോഡ്ഷെഡിംഗും വേണ്ടെന്ന നിലപാടിലേക്ക് കേരളം എത്തിയത്. അധികവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരുമെന്നതിനാല്‍ ഒരാഴ്ച കാത്തിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...