കുവിയുടെ പരിശീലന വീഡിയോ പങ്കുവച്ച് അജിത് മാധവൻ. കുവിയെ കേരളം മറക്കില്ല. പെട്ടിമുടി ദുരന്തഭൂമിയിൽ നിന്നു തന്റെ കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കുവിയെ ജനങ്ങൾ അറിഞ്ഞത്. പെട്ടിമുടി ദുരന്തത്തിന് ശേഷം ധനുഷ്കയെ തേടി നടന്ന കുവി വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. തുടർന്ന് കുവിയെ ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡ് ഏറ്റെടുത്തിരുന്നു. പിന്നീട് ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകൻ ചേർത്തല കൃഷ്ണകൃപയിൽ അജിത് മാധവൻ കുവിയെ ഏറ്റെടുത്തു. മിടുക്കിയായ കുവിയെ പരിശീലിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ അജിത് മാധവൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.
അജിത് മാധവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: കാട്ടിൽ നിന്ന് പുതിയ മേട്ടിലേക്ക് കുവിയുടെ യാത്ര
എന്റെ ആറര മാസത്തെ കഷ്ടപാട് ഇവിടെ വരെ എത്തി നിൽക്കുന്നു. എന്റെടുത്ത് വന്നതിന് ശേഷമുള്ള പോലീസ് വാസവും അതിന് ശേഷം അവളുടെ തിരിച്ച് പോക്കും. പിന്നീട് ഗർഭിണി ആയതിന് ശേഷമുള്ള വരവുമെല്ലാം കഴിഞ്ഞപ്പോൾ വയസ് മൂന്ന് കഴിഞ്ഞിരുന്നു. ട്രെയിൻ ചെയ്തെടുക്കാനുള്ള എന്റെ അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ വഴങ്ങി തരാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നിട്ടും എങ്ങനെയെന്ന് കുവിക്കും അറിയില്ലായിരുന്നു. കാടിന് സമാനമായ സ്ഥലത്ത് താമസിച്ച് വന്ന അവൾക്ക് സ്വാഭാവികമായി പ്രകൃതിയിലെ ശബ്ദങ്ങളോടുള്ള അമിത പ്രതികരണ സ്വഭാവം ട്രെയിനിങ്ങിനൊരു വലിയ തടസ്സം തന്നെ ആയിരുന്നു. അതിന് പരിഹാരമായി അടച്ചിട്ട മുറിക്കുള്ളിൽ വച്ചുള്ള ട്രെയിനിങ്ങിൽ അവളുടെ ശ്രദ്ധ കറങ്ങുന്ന ഫാനിനോടും ക്ലോക്കിന്റെ സൂചി ചലിക്കുന്ന ശബ്ദത്തിനോടുമായി. ഒരു മാസക്കാലം ഒരു പുരോഗതിയുമില്ലാതെ എന്നെ ഒന്ന് ശ്രദ്ധിച്ചാൽ മതിയെന്ന ഒറ്റ ആവശ്യത്തിന് വേണ്ടി മാത്രം പരിശീലനം നടന്നു കൊണ്ടേയിരുന്നു. ഇടക്ക് യാദൃച്ഛികമായി കിട്ടിയ വഴിയിൽ കൂടിയുള്ള പോക്ക് പതുക്കെ അവളുടെ ശ്രദ്ധ എന്നിലേക്ക് വരാനുള്ള കാരണമായി. തുടർന്ന് പതുക്കെ പതുക്കെ ഫോക്കസ് ചെയ്യാൻ തുടങ്ങി. ആ ഒരു യാത്ര ദേ ഇവിടെ വരെയെത്തി. ഇത് ചെറുതായി പിച്ചവെച്ച് തുടങ്ങിയതെ ഉള്ളൂ. ഇനിയും കുറെ പോകാനിരിക്കുന്നു. പുതിയ പ്രതിസന്ധികളും.
തലൈവർ പറഞ്ഞത് പോലെ
" ഇത് കൊഞ്ചം ട്രെയ്ലർ താൻ
മെയ്ൻ പിക്ചർ ഇനിയും പാക്കലെ
പിക്ചർ അഭി ബാക്കി ഹെ"
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...