Wayanad DCC Treasurer Death: ജീവിച്ചത് പാർട്ടിക്ക്, മരണവും പാർട്ടി കാരണം; ഡി.സി.സി. ട്രഷററുടെ ആത്മഹത്യ കുറിപ്പ് പുറത്ത്, കോൺഗ്രസ് പ്രതിക്കൂട്ടിൽ

Wayanad DCC Treasurer Death: ജില്ലാ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ നിരവധി ആരോപണങ്ങളാണ് വിജയൻ ഉന്നയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 7, 2025, 02:17 PM IST
  • വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്
  • പാർട്ടി കാരണം, കടുത്ത സാമ്പത്തിക പ്രതിസന്ധി വിജയന് ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് കുറിപ്പുകൾ
  • പണം നൽകാനുള്ള നേതാക്കന്മാരുടെ പേരുകളും കത്തിലുണ്ട്
Wayanad DCC Treasurer Death: ജീവിച്ചത് പാർട്ടിക്ക്, മരണവും പാർട്ടി കാരണം; ഡി.സി.സി. ട്രഷററുടെ ആത്മഹത്യ കുറിപ്പ് പുറത്ത്, കോൺഗ്രസ് പ്രതിക്കൂട്ടിൽ

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ രണ്ട് കുറിപ്പുകളാണ് കുടുംബം പുറത്ത് വിട്ടത്. ഇതോടെ എൻ.എം വിജയന്റെ മരണത്തിൽ കോൺഗ്രസ് നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുകയാണ്.

പാർട്ടി കാരണം, കടുത്ത സാമ്പത്തിക പ്രതിസന്ധി വിജയന് ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് കുറിപ്പുകൾ. മക്കൾ പോലും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും കുടുംബത്തെ രക്ഷിക്കണമെന്നും കെ.പി.സി.സി അധ്യക്ഷന് നൽകിയ കത്തിൽ പറയുന്നു. പണം നൽകാനുള്ള നേതാക്കന്മാരുടെ പേരുകളും കത്തിലുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ഈ നേതാക്കന്മാ‍ർ ആയിരിക്കുമെന്നും കത്തിൽ പറയുന്നു.

 Read Also: നഴ്സിംഗ് വിദ്യാർഥിനി അമ്മുവിൻ്റെ മരണം; പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

ജില്ലാ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ നിരവധി ആരോപണങ്ങളാണ് വിജയൻ ഉന്നയിച്ചിരിക്കുന്നത്. 

ആരോപണങ്ങൾ

സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക് നിയമനവിജ്ഞാപനത്തിൽ എൻ.എം വിജയന്റെ മകനായിരുന്നു പിടിഎസ് തസ്തികയിൽ ഒന്നാം റാങ്ക്. എന്നാൽ അത് അട്ടിമറിച്ച്, ഏഴു വർഷം ജോലി ചെയ്തിരുന്ന വിജയന്റെ മകനെ പിരിച്ചുവിട്ടു. പിന്നീട് അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന ഐ.സി ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ താൽപര്യ പ്രകാരം നിയമനം നടത്തി. 

പുതിയതായി വന്ന കോൺഗ്രസ് അംഗ ഭരണസമിതി പോലും മകനെ തിരിച്ചെടുക്കുവാൻ ശ്രമിക്കുന്നില്ലെന്നും  40 വർഷക്കാലം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച തനിക്ക് ഇത് താങ്ങാൻ പറ്റുന്നില്ലെന്നും വിജയൻ കത്തിൽ പറയുന്നു. മകന് പകരമായി നിയമിച്ച ആളിൽ നിന്ന് കൈക്കൂലി വാങ്ങിയതായി താൻ അറിഞ്ഞുവെന്നും വിജയൻ പറയുന്നു. 

2013 - 2014 വർഷത്തിൽ സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എന്ന നിലയിൽ പാർട്ടി തന്റെ തലയിൽ 32 ലക്ഷം രൂപയുടെ കടബാധ്യതയാണ് കെട്ടിവെച്ചത്. അത് തീർക്കുന്നതിന് ബത്തേരി അർബൻ ബാങ്കിന്റെ സായാഹ്ന ശാഖയിൽ നിന്ന് എടുത്ത ബാധ്യത ഇന്ന് 55 ലക്ഷത്തിൽ ഏറെയായി. താൻ താമസിക്കുന്ന 10 സെന്റ് സ്ഥലവും വീടുമാണ് ഇതിന് ഈടായി നൽകിയിരിക്കുന്നത്. അത് ബാങ്ക് ജപ്തി നടപടിയുടെ അടുത്തെത്തി. ലോൺ പാർട്ടി ഏറ്റെടുത്ത് എഴുതിത്തള്ളാൻ നടപടി സ്വീകരിക്കണമെന്നും തന്നെ ആത്മഹത്യയിൽ നിന്നും രക്ഷിക്കണമെന്നും വിജയൻ പറയുന്നു. 

Read Also: റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

മുൻ എംഎൽഎയും, ഡി.സി.സി. പ്രസിഡന്റുമായ എൻ.ഡി. അപ്പച്ചൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവർ ബത്തേരി സഹകരണ അർബൻ ബാങ്ക് നിയമനം വാഗ്ദാനംചെയ്ത്‌ പത്തുലക്ഷം രൂപ വാങ്ങി. ഇതിന് തന്റെ പേരിലുള്ള എട്ടുസെന്റ് ഭൂമിയുടെ പണയാധാരവും ചെക്കുമാണ് നൽകിയത്. എൻ.ഡി. അപ്പച്ചന്റെ അയൽവാസി ചാക്കോയിൽ നിന്നാണ് തുക വാങ്ങിയത്. ചാക്കോ കോടതിയെ സമീപിച്ചതോടെ തന്റെ ഭൂമി വിൽക്കാൻ സാധിക്കാത്ത അവസ്ഥയായി. പലിശയടക്കം 12 ലക്ഷം രൂപയാണ് കോടതിയിൽ നിലനിൽക്കുന്ന കടബാധ്യത.

ബാങ്ക് നിയമനത്തിനായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടതനുസരിച്ച് ഏഴുലക്ഷം രൂപ വാങ്ങി. നെന്മേനി പഞ്ചായത്ത് മുൻഅംഗം യു.കെ. പ്രേമൻ മുഖേനയാണ് തുക വാങ്ങിയത്. രണ്ടുലക്ഷം രൂപ തിരികെ നൽകി. ബാക്കിത്തുക നൽകാമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. പറയുന്നതല്ലാതെ നൽകുന്നില്ല. കെ കെ ഗോപിനാഥൻ മാസ്റ്റർ മുൻ ഡിസിസി പ്രസിഡണ്ട്, പി വി ബാലചന്ദ്രൻ എന്നിവർ ചേർന്ന് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന്, തന്റെ ചെക്ക് മുഖേന കണിച്ചിറ സ്വദേശി രാധാകൃഷ്ണൻ മാസ്റ്ററിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി. ഇത് താൻ ലോണെടുത്താണ് തിരികെ കൊടുത്തത്. കെ കെ ഗോപിനാഥൻ മാസ്റ്റർ പറഞ്ഞിട്ടാണ് താൻ ചെക്ക് കൊടുത്തത്.

എൻ.എം വിജയൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരന് അയച്ച കുറിപ്പുകൾ കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ മരണകുറിപ്പ് അങ്ങേക്ക് ലഭിച്ച് 10 ദിവസം കാത്തിരിക്കണമെന്ന് ഞാൻ മകന് നിർദേശം നൽകിയിട്ടുണ്ടെന്നും അതിനു ശേഷം ഈ കത്തിന്റെ കോപ്പി വയനാട് ജില്ലാ പോലീസ് മേധാവിക്ക് നൽകണമെന്നും പറഞ്ഞിട്ടുണ്ടെന്നും വിജയൻ കത്തിൽ പറയുന്നു. 

ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇക്കാര്യം പരസ്യമാക്കി പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കാൻ ആ​ഗ്രഹിക്കുന്നില്ല. പാർട്ടിക്ക് അപഖ്യാതി ഉണ്ടാക്കി കൊടുക്കുന്നതിന് സാക്ഷിയാകാൻ തന്റെ മനസ് അനുവദിക്കുന്നില്ലെന്നും വിജയൻ പറയുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News