പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നു പറയുന്നത് എന്തുകൊണ്ട് ?

ഫോണിൽ നിന്നും, ഫോണിലേക്കും ഈ തരംഗങ്ങളിലൂടെയാണ് സിഗ്നലുകൾ  കൈമാറ്റം ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : May 15, 2022, 01:41 PM IST
  • വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഫോൺ ഉപയോഗിച്ചാലുണ്ടാകുന്ന അപകടം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ
  • ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ വളരെ കുറഞ്ഞ വോൾട്ടേജിലാണ് പ്രവർത്തിക്കുന്നത്
  • ശാസ്ത്രീയ തെളിവുകളൊന്നും നിലവിൽ ലഭ്യമല്ല
പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നു പറയുന്നത് എന്തുകൊണ്ട് ?

പെട്രോൾ പമ്പിൽ ഒരിക്കലെങ്കിലും പോകാത്തവർ വളരെ ചുരുക്കമായിരിക്കും. പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന സന്ദേശം പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. എന്തുകൊണ്ടാണ് പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത് എന്ന് പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ....! വാഹനങ്ങളിൽ  ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഫോൺ ഉപയോഗിച്ചാലുണ്ടാകുന്ന അപകടം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ....  മൊബൈൽ ഫോണിലൂടെ ആശയവിനിമയം സാദ്ധ്യമാക്കാൻ സഹായിക്കുന്നത് ഇലക്ട്രോ മാഗ്നെറ്റിക് അഥവാ വൈദ്യുത കാന്തിക വികിരണങ്ങളാണ്. 

ഫോണിൽ നിന്നും, ഫോണിലേക്കും ഈ തരംഗങ്ങളിലൂടെയാണ് സിഗ്നലുകൾ  കൈമാറ്റം ചെയ്യുന്നത്. മൊബൈലിനെ നിരന്തരമായി ടവറുകളുമായി ബന്ധപ്പെടുത്തുന്നതും ഈ തരംഗങ്ങൾ തന്നെയാണ്. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സമയത്ത് പെട്രോൾ നീരാവിയായി ചുറ്റുമുള്ള അന്തരീക്ഷത്തിലേക്ക് പോവുകയും അവിടെ തങ്ങി നിൽക്കുകയും ചെയ്യുന്നു. മൊബൈലിൽ നിന്നുള്ള വികിരണങ്ങൾക്ക് ഈ നീരാവിയെ ജ്വലിപ്പിക്കാനോ അല്ലെങ്കിൽ തൊട്ടടുത്തുള്ള ലോഹ വസ്തുക്കളിൽ വൈദ്യുത പ്രവാഹങ്ങൾ ഉണ്ടാക്കാനോ കഴിയുന്ന തരത്തിലുള്ള ഊർജം പകരാൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇക്കാരണം കൊണ്ടാണ് പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ സ്ഫോടനം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നത്. 

എന്നാൽ പെട്രോൾ പമ്പുകളിലെ സ്ഫോടനങ്ങളും മൊബൈൽ ഫോൺ ഉപയോഗവും തമ്മിൽ  ബന്ധമുള്ളതായി  തെളിയിക്കുന്ന തരത്തിൽ ശാസ്ത്രീയ തെളിവുകളൊന്നും നിലവിൽ ലഭ്യമല്ല. മാത്രമല്ല ഇതുവരെ നടന്നിട്ടുള്ള പെട്രോൾ പമ്പുകളിലെ സ്ഫോടനങ്ങളൊന്നും മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടതല്ലെന്ന് പഠനങ്ങളും തെളിയിക്കുന്നു. ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ വളരെ കുറഞ്ഞ വോൾട്ടേജിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ പമ്പുകളിലുണ്ടാകുന്ന തീപ്പൊരികൾ ആളിക്കത്തിക്കാനുള്ള ശക്തിയും  ഇവയ്ക്കുണ്ടാകില്ല. 

അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ നടത്തിയ പഠനമനുസരിച്ച് മൊബൈൽ ഫോൺ കാരണം തീപിടിത്തം ഉണ്ടാകുമെന്ന തരത്തിലുള്ള വാദങ്ങൾ ശരിയാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണുകളിൽ  നിന്നുണ്ടാകുന്ന തീപ്പൊരിക്ക് അന്തരീക്ഷത്തിലെ പെട്രോളിന്റെ നീരാവിയെ ജ്വലിപ്പിക്കാൻ കഴിയുമെന്നത് ശരിയാണ്. എന്നാൽ കാര്യം സൈദ്ധാന്തികമായി ശരിയാണെങ്കിലും,​ അതിനുള്ള സാദ്ധ്യത വളരെക്കുറവാണെന്നും. ഇത്തരം സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എഫ് സി സി വ്യക്തമാക്കുന്നു.

പെട്രോൾ നീരാവി കത്തിക്കാൻ ആവശ്യമായ തീപ്പൊരിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഊർജത്തിന്‍റെ അളവ്  0.2 മില്ലി ജൂളാണ്. പൂർണമായി ചാർജ് ചെയ്ത ഒരു മൊബൈൽ ഫോൺ ബാറ്ററിയിൽ ഇതിന്റെ അഞ്ച് ദശലക്ഷം ഊർജം അടങ്ങിയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. എന്നാൽ ഈ ബാറ്ററികൾ സാധാരണ ഗതിയിൽ തീപ്പൊരി ഉണ്ടാക്കാറില്ല. ഫോണിന്റെ ഉൾഭാഗം അത്രത്തോളം കേട് വന്നതാണെങ്കിൽ മാത്രമേ ചാർജ് ചെയ്യുന്ന സമയത്ത് ബാറ്ററി പൊട്ടിത്തെറിക്കാനോ തീപ്പൊരി ഉണ്ടാവാനോ സാദ്ധ്യതയുണ്ടാകൂ.  അതിനാൽ പെട്രോൾ പമ്പിൽ വച്ച് ഫോൺ ഉപയോഗിക്കുകയോ കോൾ വിളിക്കുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യുന്നത് അപകടമുണ്ടാകാനുള്ള കാരണമായേക്കില്ല. എന്നാൽ അവിടെ വച്ച് ഫോൺ ചാർജ് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തിയേക്കും. 

അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട്, ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ, ഓസ്ട്രേലിയൻ മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ തുടങ്ങിയ  സംഘടനകൾ പ്രസിദ്ധീകിരച്ച പഠന റിപ്പോർട്ടുകളിലും പെട്രോൾ സ്റ്റേഷനുകളിലെ തീപിടിത്തത്തിന് മൊബൈൽ ഫോൺ കാരണമാകില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.  ഇത്തരത്തിലുള്ള സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന 300 ഓളം പെട്രോൾ പമ്പ് സ്ഫോടനങ്ങൾ വിശദമായി പഠിച്ച ശേഷമായിരുന്നു  റിപ്പോർട്ട് പുറത്തിറക്കിയത്. ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മിക്കവാറും എല്ലാ പെട്രോൾ പമ്പ് തീപിടിത്തങ്ങൾക്കും കാരണമാകുന്നത് സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അഥവാ നിശ്ചല വൈദ്യുതിയാണ്. ഇടിമിന്നലിന് കാരണമാകുന്നതും ഇതേ വൈദ്യുതി തന്നെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News