തൃശൂർ: ആനമല റോഡില്‍ വീണ്ടും ഒറ്റയാന്റെ വിളയാട്ടം. മദപ്പാടിലുള്ള ഒറ്റയാന്‍ അമ്പലപ്പാറ മുതല്‍ ആനക്കയം വരെ എട്ട് കിലോ മീറ്ററിലേറെ ദുരം വാഹനങ്ങള്‍ തടഞ്ഞിട്ടു. റോഡിലൂടെ തലങ്ങും വിലങ്ങും നടന്നും മാറാതെ നിന്നുമായിരുന്നു ആന പരിഭ്രാന്തി സൃഷ്ടിച്ചത്. മുന്നോട്ട് നടക്കുന്നതിനിടെ പിന്നിലൂടെ വന്ന കെ.എസ്.ആര്‍.ടി.സി. ബസ് ആക്രമിക്കാന്‍ ആന ഓടിയെത്തി ബസില്‍ തൊട്ടെങ്കിലും പിന്നീട് ആക്രമിക്കാതെ പിറകിലേക്ക് പോയി. ചൊവ്വാഴ്ച രാവിലെ 8.20ന് അമ്പലപ്പാറയില്‍ നിന്ന് എട്ട് കിലോമീറ്ററിലേറെ ദൂരത്തിൽ ആന വാഹനങ്ങൾ തടഞ്ഞു. 9.15 ഓടെ ആനക്കയത്തിന് സമീപമാണ് ആന റോഡിൽ നിന്ന് മാറിയത്.
ആനക്കയത്ത് വച്ച് ആന കാട്ടിലേക്ക് കയറിപ്പോയപ്പോഴാണ് വാഹനങ്ങള്‍ക്ക് യാത്ര തുടരാനായത്. സ്വകാര്യ ബസടക്കമുള്ള വാഹനങ്ങള്‍ എട്ട് കിലോ മീറ്ററിലേറ ദൂരം പിറകോട്ടെടുത്തു. വീതി വളരെ കുറവുള്ള വളവുകളും തിരിവുകളും കൂടുതലുള്ള കാനന പാതയില്‍ വാഹനങ്ങള്‍ പിറകോട്ടെടുക്കല്‍ ഏറെ ശ്രമകരമായിരുന്നു. മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിക്ക് ഉള്ള രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളും ചാലക്കുടിലേക്കും വാല്‍പ്പാറയിലേക്കും ഉള്ള രണ്ട് സ്വകാര്യ ബസുകളുമടക്കം അന്‍പതോളം വാഹനങ്ങള്‍ ഇരുവശങ്ങളിലുമായി കാനനപാതയില്‍ കുടുങ്ങി കിടന്നു.
ALSO READ: Viral video: കുറുമ്പ് അൽപം കൂടുന്നുണ്ട്; ആനക്കുട്ടിയുമായി കളിച്ച മനുഷ്യന് സംഭവിച്ചത് കണ്ടോ?
കഴിഞ്ഞ ആഴ്ച ഇതേ ഒറ്റയാന്‍ രണ്ട് തവണ ഷോളയാര്‍ പവര്‍ ഹൗസിലെത്തിയിരുന്നു. വൈദ്യുതി ഉത്പാദനം നടക്കുന്ന സമയത്ത് ആന പവര്‍ ഹൗസിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും കെട്ടിടത്തിനകത്ത് കയറാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ദിവസങ്ങള്‍ക്ക് മുന്‍പ് വനപാലകരുടെ ജീപ്പ് കുത്തി മറിച്ചിടാന്‍ ശ്രമിച്ചതും മദപ്പാടിലുള്ള ഇതേ ആന തന്നെയാണ്. ആന വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയതോടെ ഈ റൂട്ടിലൂടെയുള്ള യാത്രക്കാരും വിനോദ സഞ്ചാരികളും ഭീതിയിലാണ്. കബാലി എന്നാണ് ഈ ഒറ്റയാനെ നാട്ടുകാർ വിളിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...