ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള കോണ്ടന്റ് ക്രിയേറ്റർ ആണ് ബിഗ് ബോസ് മത്സരാർത്ഥി ജുനൈസ് വി.പി. മികച്ച കണ്ടന്റുകൾ സർക്കാസം കലർത്തി സംസാരിക്കുന്ന ജുനൈസ് ചുരുങ്ങിയ കാലം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായത്. ബിഗ് ബോസ് മത്സരാർത്ഥി കൂടി ആയതോടെ കൂടുതൽ പേർ ജുനൈസിനെ അറിയാൻ തുടങ്ങിയിരിക്കുകയാണ്. ഇന്നലെ (മാർച്ച് 28) വീക്ക്ലി ടാസ്കിന് ശേഷം ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത് എന്റെ കഥ എന്ന സെഗ്മെന്റായിരുന്നു. ഇതിൽ ആദ്യം കഥ പറയാൻ എത്തിയത് ജുനൈസ് ആയിരുന്നു.
വയനാട് ആണ് ജുനൈസിന്റെ ജന്മസ്ഥലം. ജുനൈസിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ഉമ്മ മരിക്കുന്നത്. ജുനൈസിന് നാല് സഹോദരങ്ങളുണ്ട്. ജുനൈസ് തന്റെ ജീവിത കഥ പറഞ്ഞത് ഇങ്ങനെ...
എന്റെ ഉമ്മ ഡൊമസ്റ്റിക് വയലൻസിന് ഇരയായിരുന്നു. വളരെ പാവമായ സാധുവായ ഒരു സ്ത്രീ ആയിരുന്നു ഉമ്മ. ഉപ്പ ആ സമയം ഗൾഫിൽ ആയിരുന്നു. അവരുടേതെന്ന് പറയുന്നത് വളരെ സ്നേഹമായി പോകുന്ന ബന്ധം എന്ന് തെറ്റിദ്ധരിച്ച ബന്ധം ആയിരുന്നു. ഉമ്മയോടുള്ള സ്നേഹം കൂടി കൂടി ഉപ്പ എന്റെ ഉമ്മയെ കൊന്നു കളഞ്ഞു.
ഉമ്മ മരിച്ചു എന്ന് ഞാൻ മനസിലാക്കുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ഞാൻ ചെറുപ്പത്തിൽ ഉമ്മയുടെ ആങ്ങളയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.അവർ അവരുടെ രണ്ടുമക്കളുടെയും കൂട്ടത്തിൽ എന്നെയും എന്റെ ഏട്ടനേയും നോക്കി. പിന്നീട് ഞാൻ എന്റെ ഏട്ടന്റെ കൂടെ ആയിരുന്നു. ഉമ്മ ഭയങ്കര സുന്ദരി ആയിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഉമ്മ സ്വതന്ത്ര ആയിരുന്നു എങ്കിൽ ചിലപ്പോൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. ഉമ്മയ്ക്ക് സ്വന്തം കാലിൽ നില്ക്കാൻ ആകും ആയിരുന്നു എങ്കിൽ എന്റെ ഉമ്മ ഞങ്ങളെ വളർത്തിയേനെ, ഇന്നും കൂടെ ഉണ്ടായേനെ എന്ന് കരുതുന്നു.
തന്റെ ജീവിത കഥ പറയുന്നതിനിടെ മാതാപിതാക്കൾക്ക് ജുനൈസ് ഒരു ഉപദേശം കൂടി നൽകുന്നുണ്ട്. ഒരു ബന്ധം ഒത്തുപോകില്ല എന്ന രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെങ്കിൽ മക്കളെ അതിൽ തുടരാൻ വിട്ടുകൊടുക്കരുതെന്നായിരുന്നു ജുനൈസ് പറഞ്ഞത്. വിവാഹമോചനം ഒരിക്കലും ഒന്നിന്റെയും അവസാനം അല്ലെന്നും അത് പലതിന്റെയും തുടക്കം ആണെന്നും ജുനൈസ് പറഞ്ഞു.
മക്കളെ ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്ത് പൊരുത്തപ്പെട്ട് ജീവിക്കാൻ നിർബന്ധിക്കുന്നവരുണ്ട്. ഇങ്ങനെ പൊരുത്തപ്പെട്ട് ജീവിച്ചു അവസാനം കാലം കുറെ കഴിയുമ്പോൾ ഡിവോഴ്സ് ആയ കുറെ ആളുകൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ എല്ലാവർക്കും പറഞ്ഞു നല്ലൊരു ഇൻസ്പിരേഷണൽ ടോക്ക് നടത്തണം എന്നുണ്ടായിരുന്നുവെന്നും എന്നാൽ താൻ വല്ലാതെ ഇമോഷണൽ ആണ് എന്നും ജുനൈസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...