വമ്പൻ പ്രേക്ഷക പിന്തുണയോടെ സി.ബി.ഐ 5 ദ ബ്രയിൻ തിയ്യേറ്ററുകളിൽ മുന്നേറുമ്പോൾ സംവിധായകൻ കെ മധു നേരെ ഓടിയെത്തിയത് തന്റെ പ്രിയപ്പെട്ട വിക്രമിനെ കാണാൻ. രാവിലെ പത്ത് മണിയോടെ നടൻ ജഗതിശ്രീകുമാറിന്റെ വീട്ടിലേക്ക് സിബിഐയുടെ വിജയം ആഘോഷിക്കാൻ കേക്കുമായി സംവിധായകൻ എത്തുകയായിരുന്നു. അൽപ്പനേരം വിശ്രമിച്ച ശേഷം മാധ്യമങ്ങളെ കണ്ട് ചിത്രം വിജയിപ്പിച്ചതിന് നന്ദി അറിയിച്ചു. പിന്നെ കാത്തിരിപ്പായിരുന്നു. ഒടുവിൽ മുറിയിൽ നിന്നും മകനോടൊപ്പം മുഖത്ത് പുഞ്ചിരിയുമായി വിക്രമിന്റെ കടന്നു വരവ്. സംവിധായകനോടുള്ള അടുപ്പവും സ്നേഹവും സംസാരിക്കാതെ തന്നെ വിക്രം പ്രകടിപ്പിച്ചു.
കെ മധുവും സന്തോഷം മറച്ചുവച്ചില്ല. കണ്ട ഉടനെ കെട്ടിപ്പിടിച്ചു. കാണാന്‍ എത്തിയ മാധ്യമപ്രവർത്തകര്‍ക്കും വിക്രമിന്റെ വക സ്നേഹ പുഞ്ചിരി. ഇതോടെ കണ്ടു നിന്ന എല്ലാവരിലെക്കും ആ ചിരി പടർന്നു. സിനിമാ വിശേഷങ്ങള്‍ ഒരോന്നും സംവിധായകൻ വിവരിക്കുമ്പോള്‍ അതൊക്കെ തലയാട്ടിയും മൂളിയും ജഗതി മറുപടി അറിയിച്ചു. ഇനി മുതൽ ജഗതി ശ്രീകുമാർ എന്ന നടൻ മലയാള സിനിമയിൽ നിറ സാനിദ്ധ്യമാകുമെന്നും അതിന്റെ തുടക്കമാണ് സിബിഐ എന്നും കെ.മധു പറഞ്ഞു.ചിത്രത്തിൽ പ്രക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഭാഗം ജഗതി ശ്രീകുമാർ അഭിനയിച്ച രംഗമാണെന്നും, കണ്ടിരുന്ന പ്രക്ഷകർ വികാര ഭരിതരായി കണ്ണു നിറയുന്ന കാഴ്ചയ്ക്ക് താൻ സാക്ഷി ആയെന്നും കെ. മധു പറഞ്ഞു.
സിബിഐ ആറാം ഭാഗം വരുകയാണെങ്കിൽ വിക്രമായി ജഗതി അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയെല്ലെന്നും സിബിഐ ജഗതിയുടെ ചിത്രമാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. തുടർന്ന് ജഗതിയെ കൊണ്ട് തന്നെ കേക്ക് മുറിപ്പിക്കുകയും സംവിധായകൻ തന്നെ അത് അദ്ദേഹത്തിന് നൽകുകയും ചെയ്തു. ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിലും ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും ഒന്നിക്കുന്നത്.
അഞ്ചാം ഭാഗത്തിലും കൈവിടാതെ പ്രേക്ഷകർ നൽകുന്ന പിന്തുണ സിബിഐ സീരിസ് അത്രമാത്രം ആഴത്തിൽ മലയാളിസിനിമ പ്രക്ഷകരുടെ ഉള്ളിൽ ഉള്ളത് കൊണ്ടാണെന്നും സന്തോഷ വേളയിൽ സംവിധായകൻ പറഞ്ഞു. തുടർന്ന് വീട്ടുകാരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും പിന്നീട് മടങ്ങുകയും ചെയ്തു. പോകുന്ന നേരം ഒരുമിച്ച് നമുക്ക് സിനിമയ്ക്ക് പോകാമോ എന്ന് ചോദിച്ചപ്പോള്‍ പുഞ്ചിരി വിടര്‍ത്തി തയ്യാറാണെന്ന മറുപടിയാണ് ജഗതി നല്‍കിയത്. ആ മറുപടിയിൽ ജഗതിയുടെ വീട്ടുകാര്‍ക്കും കേട്ടു നിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും നൽകിയത് ഏറെ സന്തോഷമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...