Director Shafi Passes Away: മലയാളിക്ക് ചിരിപ്പൂരം സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു

മലയാളിക്ക് നിരവധി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിടവാങ്ങിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2025, 05:49 AM IST
  • കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ മലയാളിയെ കുടുകുടെ ചിരിപ്പിച്ച ചിത്രങ്ങളാണ്.
  • വൺ മാൻ ഷോ ആണ് ഷാഫിയുടെ ആദ്യ ചിത്രം.
  • ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലൂടെ ഹിറ്റ്‌ ചിത്രങ്ങളും ഹിറ്റ് കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ലഭിച്ചു‌.
Director Shafi Passes Away: മലയാളിക്ക് ചിരിപ്പൂരം സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി: ഒട്ടേറ ജനപ്രിയ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം കൊച്ചിയിലെ വീട്ടിൽ എത്തിച്ച ശേഷേം രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ചയായി ഷാഫി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് ഉദരരോഗങ്ങളും ഉണ്ടായിരുന്നു.

കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ മലയാളിയെ കുടുകുടെ ചിരിപ്പിച്ച ചിത്രങ്ങളാണ്. വൺ മാൻ ഷോ ആണ് ഷാഫിയുടെ ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലൂടെ ഹിറ്റ്‌ ചിത്രങ്ങളും ഹിറ്റ് കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ലഭിച്ചു‌. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങളും ഷാഫി സമ്മാനിച്ചതാണ്. 

ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ. അന്തരിച്ച സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്; സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്.

Also Read: Annamem Pillerum Movie: അന്നമ്മേം പിള്ളേരും എത്തുന്നു; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് ഷാഫി ജനിച്ചത്. റഷീദ് എം.എച്ച്. എന്നാണ് അദ്ദേഹത്തിന് യഥാരാ‍ത്ഥ പേര്. പിതാവ് എം.പി.ഹംസ, മാതാവ് നബീസുമ്മ. കുട്ടിക്കാലത്ത് തന്നെ ഷാഫിയിലും സിനിമാ മോഹമുണ്ടായി. സ്കൂൾ കാലത്ത് മിമിക്രിയും മോണോ ആക്ടും ഒക്കെ അവതരിപ്പിച്ചിരുന്നു.

പിന്നീട് സഹോദരൻ റാഫിയുടെയും അമ്മാവൻ സിദ്ദിഖിന്റെയും പാത പിന്തുടർന്ന് ഷാഫി സിനിമയിലെത്തി. ഷാഫിയും ചിരിയുടെ ട്രാക്കിലാണ് വിജയം കണ്ടത്. രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഷാഫി. ഇവിടെ മുതലാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയാണ് ഷാഫി ആദ്യമയായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് ചെയ്ത കല്യാണരാമൻ എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി.

പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ടു കൺട്രീസ് തുടങ്ങിയ ചിത്രങ്ങളും ഷാഫിയുടെ സംഭാവനകളാണ്. വിക്രം നായകനായ തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News