'തിരക്കഥയിൽ തൃപ്തിയില്ല', 'ലൂസിഫർ' തെലുങ്ക് റീമേക്കിൽ നിന്നും സംവിധായകനെ മാറ്റുന്നു?

മുരളി ഗോപി ഒരുക്കിയ ഒറിജിനല്‍ തിരക്കഥ തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് ആവശ്യമായ ഭേദഗതികളോടെയായിരിക്കും തെലുങ്കില്‍ എത്തുക

Last Updated : Jul 18, 2020, 01:18 PM IST
'തിരക്കഥയിൽ തൃപ്തിയില്ല', 'ലൂസിഫർ' തെലുങ്ക് റീമേക്കിൽ നിന്നും സംവിധായകനെ മാറ്റുന്നു?

മലയാളം ചിത്ര ലൂസിഫർ തെലുങ്കിൽ റീമേക്ക് ചെയ്യുന്നു എന്നറിഞ്ഞത് മുതൽ നിരവധി റൂമറുകൾ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. ചിരഞ്ജീവിയും മകന്‍ രാം ചരണും ചേര്‍ന്ന് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നവരെപ്പറ്റിയും സംവിധായകനെപ്പറ്റിയുമൊക്കെ നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനിടെ എത്തിയിരുന്നു.

രംഗസ്ഥലം, ആര്യ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുക എന്നായിരുന്നു തുടക്കത്തില്‍ കേട്ടിരുന്നത്. പിന്നീട് സാഹൊ സംവിധായകന്‍ സുജീതിന്‍റെ പേരാണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഡയറക്ടറുടെ സ്ഥാനത്ത് പറഞ്ഞുകേട്ടിരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെയും ചിരഞ്ജീവി പ്രോജക്ടില്‍ നിന്ന് നീക്കുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു.

Also Read: സുശാന്തിൻ്റെ മരണത്തിൽ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദ്മശ്രീ തിരിച്ചു നൽകും; കങ്കണ

മുരളി ഗോപി ഒരുക്കിയ ഒറിജിനല്‍ തിരക്കഥ തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് ആവശ്യമായ ഭേദഗതികളോടെയായിരിക്കും തെലുങ്കില്‍ എത്തുക. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ ചിരഞ്ജീവി ഒട്ടും തൃപ്‍തനല്ലെന്നും ആയതിനാല്‍ പ്രോജക്ടില്‍ നിന്നും അദ്ദേഹത്തെ മാറ്റിയേക്കുമെന്നും എന്‍റര്‍ടെയ്‍ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. 

സുജീതിന്‍റെ സ്ഥാനത്തേക്ക് മറ്റൊരു സംവിധായകന്‍ വരുമെന്നും. ബണ്ണിയും ബദ്രിനാഥുമൊക്കെ ഒരുക്കിയ വി വി വിനായകിന്‍റെ പേരാണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക് സംവിധായകനായി പുതുതായി കേള്‍ക്കുന്നത്. കഴിഞ്ഞ മൂന്നു മാസങ്ങളായി സുജീത് ലൂസിഫര്‍ തെലുങ്ക് റീമേക്കിനു വേണ്ട തിരക്കഥയുടെ പണിപ്പുരയിലായിരുന്നെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യകാഴ്‍ചയില്‍ തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ലൂസിഫറെന്നും അതിലെ നായക കഥാപാത്രം ഒരു അഭിനേതാവ് എന്ന നിലയില്‍ സ്വന്തം ശൈലിക്ക് യോജിക്കുന്ന ഒന്നാണെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു. സുഹാസിനിയുടെയും റഹ്മാന്‍റെയും ഉള്‍പ്പെടെ പേരുകള്‍ ലൂസിഫര്‍ തെലുങ്ക് റീമേക്കുമായി ചേര്‍ത്ത് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കാസ്റ്റ് ആന്‍ഡ് ക്രൂ സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

Trending News