ചെന്നൈ: ഡ്രോണ്‍ തലയ്ക്കിടിച്ച് ഗായകന്‍ ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ ഒരു കോളേജില്‍ നടന്ന പരിപാടിക്കിടെയാണ് പരിക്ക് പറ്റിയത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലായിരുന്നു സംഭവം. പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വീഡിയോയില്‍ കാണുന്നത്.
ബെന്നി ദയാല്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ മുതല്‍ ഡ്രോണ്‍ സ്‌റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന്റെ സമീപത്തുകൂടി പറന്ന ഡ്രോണ്‍ പെട്ടെന്ന് ബെന്നിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ഈ സമയം അദ്ദേഹത്തെ സഹായിക്കാന്‍ സ്റ്റേജില്‍ ഉള്ളവരും കാണികളും കയറിവരുന്നത് വീഡിയോയില്‍ കാണാം. 'ഉര്‍വശി, ഉര്‍വശി' എന്ന ഗാനമായിരുന്നു ബെന്നി അപകട സമയത്ത് ആലപിച്ചുകൊണ്ടിരുന്നത്.
Famous Indian singer Benny Dayal gets hit by a drone in VIT Chennai!#BreakingNews #BennyDayal #India pic.twitter.com/o4eK2faetF
— Aakash (@AakashAllen) March 2, 2023
അപകടത്തെക്കുറിച്ച് വിശദീകരിച്ച് ബെന്നി ദയാൽ പിന്നീട് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പങ്കുവെച്ചു. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. കൈയ്യിലും, തലയിലും പരിക്കുണ്ടെന്നും, ഇത് ഭേദമായി വരുന്നെന്നും ബെന്നി ദയാല്‍ പറയുന്നു. കൂടാതെ ഒപ്പം നിന്ന എല്ലാവര്‍ക്കും താരം നന്ദിയും പറയുന്നുണ്ട്.
ഇത്തരം സ്റ്റേജ് പരിപാടികളിലെ ഡ്രോണ്‍ ഉപയോഗത്തെക്കുറിച്ചും ബെന്നി ദയാല്‍ പ്രതികരിച്ചു. ഡ്രോണുകള്‍ തങ്ങളുടെ അടുത്തേയ്ക്ക് വരില്ലെന്നത് ആര്‍ട്ടിസ്റ്റുകള്‍ നേരത്തെ ഉറപ്പാക്കണമെന്ന് ബെന്നി ദയാല്‍ പറയുന്നു. ഒപ്പം ഡ്രോണുകള്‍ പറത്തുന്നവര്‍ അതില്‍ വൈദഗ്ധ്യം ഉള്ളവരായിരിക്കണമെന്നും വീഡിയോയിൽ പറയുന്നുണ്ട്. പരിപാടികളുടെ സംഘാടകരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബെന്നി ദയാല്‍ വീഡിയോയില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...