സിനിമയ്ക്ക് തിരക്കഥ വേണോ? പുത്തൻ പ്രമേയങ്ങൾക്കായി തോമസ് ബെർളിയെ സമീപിക്കാം!

സിനിമയിൽ വെറുതെ അഭിനയിച്ചാൽ മാത്രം പോര അതിനെ കുറിച്ച് കൂടുതൽ പഠിക്കണമെന്ന അതിയായ ആ​ഗ്രഹം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഹോളിവുഡിൽ ആണ്. അങ്ങനെ ഹോളിവുഡിൽ എത്തിയ ആദ്യ മലയാളി എന്ന കീർത്തിക്കും തോമസ് ബെർളി അവകാശിയായി. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2022, 03:14 PM IST
  • തന്റെ പ്രായത്തെ പോലും തോൽപ്പിച്ച് ഇന്നത്തെ ട്രെൻഡുകൾക്ക് അനുസൃതമായി വ്യത്യസ്ത ജോണറുകളിൽ കഥകൾ രചിച്ചുകൊണ്ടിരിക്കുകയാണ് തോമസ് ബെർളി.
  • ഹോളിവുഡിലെ Time Splising Technologyയെ അവലംബമാക്കിയുള്ളതാണ് രചനകളിൽ അധികവും.
  • അന്യഭാഷകളിൽ നിന്ന് പോലും തോമസ് ബെർളിയുടെ തിരക്കഥകൾക്ക് ആവശ്യക്കാർ എത്തുന്നുണ്ട്.
സിനിമയ്ക്ക് തിരക്കഥ വേണോ? പുത്തൻ പ്രമേയങ്ങൾക്കായി തോമസ് ബെർളിയെ സമീപിക്കാം!

തോമസ് ബെർളി, ഇന്നത്തെ തലമുറയ്ക്ക് അത്ര സുപരിചിതൻ അല്ല ഈ മട്ടാഞ്ചേരിക്കാരൻ. ഒരു കാലത്ത് സിനിമാ നിർമ്മാണം, സംവിധാനം, അഭിനയം, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽ കൈ മുദ്ര പതിപ്പിച്ച വ്യക്തിയാണ് തോമസ് ബെർളി. അൻപതുകളുടെ തുടക്കത്തിൽ തിരമാല എന്ന മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ തോമസ് ബെർളിയുടെ പ്രതി നായകൻ ആരായിരുന്നുവെന്ന് അറിയാമോ? മലയളത്തിൽ പിൽക്കാലത്ത് സൂപ്പർ താരമായ സത്യൻ ആയിരുന്നു തിരമാലയിലെ പ്രതി നായക വേഷം ചെയ്തത്. 

1953ലായിരുന്നു തോമസ് ബെർളിയുടെ സിനിമാ പ്രവേശം. തികച്ചും അവിചാരിതമായിട്ടായിരുന്നു തോമസ് സിനിമയിലേക്ക് എത്തിയത്. ആലപ്പുഴ സ്വദേശി, സംവിധായകൻ വിമൽ കുമാറുമായുള്ള കണ്ടു മുട്ടലാണ് തോമസ് ബെർളിക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. സിനിമയിൽ അഭനയിക്കാൻ ആ​ഗ്രഹമുണ്ടോ എന്ന വിമൽ കുമാറിന്റെ ചോ​ദ്യത്തിന് പഠിത്തം തടസപ്പെടാതെ ആണെങ്കിൽ ആവാം എന്നായിരുന്നു ബെർളിയുടെ ഉത്തരം. തോമസ് ഇൻ്റർ മീഡിയറ്റിന് പഠിക്കുന്ന കാലത്തായിരുന്നു ഇത്. അഭിനയിക്കാൻ തയാറാണെന്ന് അറിയിച്ചതോടെ മേക്കപ്പ് ടെസ്റ്റ് എടുക്കണം എന്ന് പറഞ്ഞു. തോമസ് ബെർളി അന്നത്തെ തൻ്റെ ആത്മസുഹൃത്ത് രാമു കാര്യാട്ടിനൊപ്പം തിരുവനന്തപുരത്ത് മേക്കപ്പ് ടെസ്റ്റിന് ചെന്നു. അതിൽ പാസായി. കാര്യാട്ട് വിമൽ കുമാറിൻ്റെ അസിസ്റ്റൻ്റ് ഡയക്ടറായും ചേർന്നു. അങ്ങനെ രണ്ടു പേരും ആ സിനിമയുടെ ഭാഗമായി. 

തിരമാല എന്ന കന്നി ചിത്രം വൻ വിജയമായിരുന്നു. സിനിമയെ വിജയത്തിലെത്തിന് പ്രധാന പങ്ക് വഹിച്ചത് അതിലെ പാട്ടുകൾ ആയിരുന്നു. തോമസ് ബെർളി ഹീറോയും സത്യൻ വില്ലനുമായിരുന്ന ചിത്രം ഒരു മൾട്ടി ക്ലൈമാക്സ് സിനിമ കൂടി ആയിരുന്നു. ഒരു പക്ഷെ ആദ്യത്തെ മൾട്ടി ക്ലൈമാക്സ് സിനിമ. തിരുവിതാംകൂർ ഭാഗത്ത് കോമഡി ക്ലൈമാക്സും മലബാർ ഏരിയായിൽ ട്രാജഡി ക്ലൈമാക്സും ആയിരുന്നു ചിത്രത്തിന്. ഇത് തോമസിന് സിനിമയെ കുറിച്ച് കൂടുതൽ പഠിക്കാൻ പ്രചോദനമായി. സിനിമയിൽ വെറുതെ അഭിനയിച്ചാൽ മാത്രം പോര അതിനെ കുറിച്ച് കൂടുതൽ പഠിക്കണമെന്ന അതിയായ ആ​ഗ്രഹം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഹോളിവുഡിൽ ആണ്. അങ്ങനെ ഹോളിവുഡിൽ എത്തിയ ആദ്യ മലയാളി എന്ന കീർത്തിക്കും തോമസ് ബെർളി അവകാശിയായി. 

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ഏഞ്ചൽസിൽ ചേർന്ന തോമസ് ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച കൊണ്ട് തന്നെ സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും പഠിച്ചു. Never So Few, Old man and Sea എന്നീ ഹോളിവുഡ് സിനിമകളിലാണ് തോമസ് ബെർളി അഭിനയിച്ചിട്ടുള്ളത്. എന്നാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും താൽപര്യവും കഥാ രചനയിൽ ആയിരുന്നു. ഇടക്കാലത്ത് ഇന്ത്യയിൽ എത്തി മറൈൻ എക്സ്പോർട്ട് ബിസിനസ്സിൽ വ്യാപൃതനായെങ്കിലും ബെർളിയുടെ മനസ് നറയെ സിനിമയായിരുന്നു. അത് കൊണ്ട് തന്നെ ഒഴിവ് സമയങ്ങളിൽ അദ്ദേഹം കഥകളെഴുതി. ഇതു മനുഷ്യനോ(1973), വെള്ളരിക്കാ പട്ടണം(1985) തുടങ്ങിയ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. 'ഡബിൾ ബാരൽ' എന്ന സിനിമയിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. 

തന്റെ പ്രായത്തെ പോലും തോൽപ്പിച്ച് ഇന്നത്തെ ട്രെൻഡുകൾക്ക് അനുസൃതമായി വ്യത്യസ്ത ജോണറുകളിൽ കഥകൾ രചിച്ചുകൊണ്ടിരിക്കുകയാണ് തോമസ് ബെർളി. ഹോളിവുഡിലെ Time Splising Technologyയെ അവലംബമാക്കിയുള്ളതാണ് രചനകളിൽ അധികവും. അന്യഭാഷകളിൽ നിന്ന് പോലും തോമസ് ബെർളിയുടെ തിരക്കഥകൾക്ക് ആവശ്യക്കാർ എത്തുന്നുണ്ട്. ഇത് തോമസിന് കൂടുതൽ ഊർജവും ആവേശവും പകർന്നിരിക്കുകയാണ്. അതു കൊണ്ട് തന്നെ സിനിമയ്ക്ക് കഥകൾ അന്വേഷിച്ച് കൊണ്ടിരിക്കുന്നവർക്ക് വേണ്ടി " സ്റ്റോറി ബാങ്ക് " എന്ന ഒരു സംരംഭം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് തോമസ് ബെർളി. തോമസിന് കൂട്ടായി സിനിമ സ്നേഹികളായ ഒരു പറ്റം യുവാക്കളുമുണ്ട്. പ്രായം കൊണ്ട് തൊണ്ണൂറുകളിൽ എത്തിയ ഇദ്ദേഹത്തിന് നവീന ട്രെൻഡുകൾക്കനുസൃതമായി കഥ എൻുതാൻ കഴിയുന്നു എന്നതാണ് സവിശേഷത. കഥകൾ ആവശ്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും തോമസ് ബെർളിയെ സമീപിക്കാം. സർഗ്ഗ ശേഷിയുടെ ഉറവ വറ്റാത്ത, പുത്തൻ പ്രമേയങ്ങളുടെ അക്ഷയ പാത്രമാണ് തോമസ് ബെർളി. സിനിമയുടെ ചരിത്രത്തിൽ ഈ സകലകലാ വല്ലഭൻ്റെ സ്ഥാനം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒന്നാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News