കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു ഇന്ന്, ജൂൺ 26 ന് നടക്കുന്ന 'അമ്മ' സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി. മോഹൻലാലിന്‍റെ അധ്യക്ഷതയിലാണ് ജനറൽ ബോഡി യോഗം ചേർന്നിരിക്കുന്നത്. വിജയ് ബാബുവിനെതിരായ ബലാത്സംഗകേസ്, നടൻ ഹരീഷ് പേരടിയുടെ സംഘടനയിൽ നിന്നുള്ള രാജി, ഷമ്മി തിലകനെതിരായ നടപടി. പരാതി പരിഹാര കമ്മറ്റിയിൽ നിന്ന് അംഗങ്ങൾ രാജിവെച്ച സംഭവം എന്നിവയൊക്കെ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്
മാല പാർവതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാല പാർവതി യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്. ശ്വേതാ മേനോനും മാല പാർവതിയും മലയാള സിനിമ രംഗത്തെ പരാതി പരിഹാര കമ്മറ്റിയിൽ നിന്നും രാജി വെച്ചിരുന്നു. ശ്വേതാ മേനോനും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. യോഗത്തിന് ശേഷം വൈകിട്ടോട് കൂടി അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണും.
അതേസമയം ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബുവിന് യോഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതിനെതിരെ വുമൺ ഇൻ സിനിമ കളക്ടീവ്, ഡബ്ല്യുസിസി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് അംഗമായ ദീദി ദാമോദരൻ പ്രതികരിക്കുകയും ചെയ്തു. സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്നാണ് ദീദി ദാമോദരൻ പ്രതികരിച്ചത്.
കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരെ പ്രതികരിച്ച് വുമൺ ഇൻ സിനിമ കളക്ടീവ്, ഡബ്ല്യുസിസി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ തിരിച്ചറിയണമെന്ന് ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്ത കുറിപ്പിൽ പറയുന്നു. കൂടാതെ ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.
"ഇപ്പോൾ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ് . പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28% തിൽ താഴെ ബലാത്സംഗക്കേസുകളിലെ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിൻ്റെ കാരണവും ഇതേ പേറ്റേൺ ആണ്. ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്.
വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു" വെന്ന് ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...