ദമ്മാം: ഗാര്‍ഹിക തൊഴിലാളികളെ നിയമം മറികടന്ന് കൈമാറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സഊദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളികളെ വില്ക്കുകയോ അനധികൃതമായി കൈമാറ്റം ചെയ്യുകയോ അതിന് ഇടനിലക്കാരായി നില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് പതിനഞ്ചു വര്‍ഷം തടവും പത്ത് ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
റമദാന് അടുക്കുന്നതോടെ ഇത്തരത്തിലുള്ള കേസുകള്‍ ധാരാളമായി കണ്ടുവരാറുള്ളതാണ് അധികൃതര്‍ മുന്നറിയിപ്പുമായി എത്താന്‍ കാരണം. ഇത്തരത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യപ്പെടുന്നതിനായി പത്രത്തിലും മറ്റും പരസ്യവും നല്‍കുന്നത് വ്യാപകമാകാറുണ്ട്. ഗാര്‍ഹിക തൊഴിലാളികളെ വില്‍പ്പനയ്ക്കെന്ന പോലെയാണ് ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെ തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ശക്തമായ നിയമങ്ങളുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഏതെങ്കിലും അവസരത്തില്‍ ഇത്തരം കൈമാറ്റങ്ങള്‍ നടത്തേണ്ട സാഹചര്യം വരുമ്പോള്‍ മന്ത്രാലയത്തിന്റെ മുസാനിദ് എന്ന സിസ്റ്റത്തിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അല്ലാതെ, അധികൃതരുടെ സമ്മതമില്ലാതെ കൈമാറ്റം ചെയ്യുന്നതും വില്‍ക്കുന്നതും മറ്റും മനുഷ്യകച്ചവടമായി കണക്കാക്കുമെന്നും ഇതിന് കൂട്ടുനില്‍ക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.