നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നിങ്ങളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് കൂടുതലായി ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതൽ കാൻസർ പോലുള്ള മാരക രോഗങ്ങളെ തടയുന്നത് വരെ നിരവധി ഗുണങ്ങൾ നൽകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ബീറ്റ്റൂട്ട് നാരുകൾ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയുടെ മികച്ച ഉറവിടമാണ്.
ബീറ്റ്റൂട്ട് ജ്യൂസിൽ കലോറി കുറവാണ്. തീരെ കൊഴുപ്പ് അടങ്ങിയിട്ടില്ല. പോഷകവും ഊർജ്ജവും നിറഞ്ഞ ബീറ്റ്റൂട്ട് ജ്യൂസ് രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്.
ബീറ്റ്റൂട്ട് നാരുകൾ നിറഞ്ഞതാണ്. ഇത് നിങ്ങളുടെ ദഹന പ്രക്രിയകളെ നിയന്ത്രിക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ ബീറ്റൈൻ ധാരാളമുണ്ട്, ഇത് ദഹനത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്ന ഒരു ഏജന്റാണ്. ദഹനം മെച്ചപ്പെടുത്തുന്നതിന് ബീറ്റൈൻ ആമാശയത്തിലെ ആസിഡിന്റെ അളവ് വർധിപ്പിക്കുമെന്ന് പറയപ്പെടുന്നു.
അണുബാധയ്ക്കെതിരെയും ബീറ്റ്റൂട്ട് മികച്ച ഫലം നൽകുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബീറ്റ്റൂട്ട് ജ്യൂസിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ബീറ്റലൈനുകൾ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ടിലെ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി ചർമ്മത്തെ സംരക്ഷിക്കുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് ചേർക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ബീറ്റ്റൂട്ട് സത്ത് മൊത്തം കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുകയും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങളിൽ കണ്ടെത്തി. ബീറ്റ്റൂട്ടിന്റെ കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവ് അതിന്റെ ഫ്ളേവനോയിഡുകൾ പോലുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾ കൊണ്ടാകാമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.