സംസ്ഥാനത്ത് അതിശക്തമായി മഴ പെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിനിടെ പല സ്ഥലങ്ങളിലും മരം കടപുഴകി വീഴുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
ആലപ്പുഴ എടത്വയിൽ കനത്ത മഴയെത്തുടര്‍ന്ന് രണ്ടാംകൃഷി വെള്ളത്തില്‍ മുങ്ങി. എടത്വ കൃഷിഭവന് പരിധിയില്‍ ദേവസ്വം വരമ്പിനകം പാടശേഖരത്തെ രണ്ടാം കൃഷിയാണ് കൊയ്യാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മഴ വെള്ളത്തില്‍ മുങ്ങിയത്. പാട്ടകര്ഷകരാണ് ഏറെയും ക്യഷി ഇറക്കിയിരിക്കുന്നത്. കുട്ടനാട്ടില്‍ പരക്കെ കനത്ത മഴയാണ് പെയ്യുന്നത്.
ചാവക്കാട് ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മണത്തല പരപ്പിൽ താഴം പൂവശ്ശേരി വീട്ടിൽ ഐസിവിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.
വീടിന്റെ മേൽക്കൂര ഭാഗവും അടുക്കളയുടെ ഭാഗവും തകർന്നു. വീട് പൂർണ്ണമായും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. താൽക്കാലികമായി ഈ കുടുംബത്തെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
സംസ്ഥാനപാതയിൽ വാമനപുരം കീഴായിക്കോണം ആയിരവില്ലി ക്ഷേത്രത്തിനു സമീപം മരം റോഡിലേക്ക് കടപുഴകി വീണു.
കോട്ടയം പൊൻകുന്നത്ത് മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പൊൻകുന്നം ഗവ. ഹയർസെക്കണ്ടറി സ്കൂൾ വളപ്പിലെ കൂറ്റൻ മരമാണ് ഒടിഞ്ഞ് വീണത്. തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് മരം മുറിച്ച് മാറ്റിയത്.
രണ്ട് ദിവസമായി പൊൻകുന്നം മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റാണ് മരം ഒടിഞ്ഞ് വീഴാൻ കാരണം.