പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. പാർലമെന്റിന്റെ നിർമാണത്തിന്റെയും സെൻട്രൽ വിസ്തയുടെ പുനർനിർമാണത്തിന്റെയും ചുമതലയുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. മന്ത്രാലയത്തിന്റെ centralvista.gov.in എന്ന വെബ്സൈറ്റിലാണ് ചിത്രങ്ങൾ പങ്കുവച്ചത്.
ജനുവരി അവസാനത്തോടെ പണികൾ പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ജനുവരി മുപ്പത്തിയൊന്നിന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനമാണോ അതോ സമ്മേളനത്തിന്റെ രണ്ടാം ഭാഗമാണോ പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കുകയെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
2020ൽ 861 കോടി രൂപയുടെ കരാറിന് ടാറ്റ ഗ്രൂപ്പാണ് നിർമാണം ഏറ്റെടുത്തത്. എന്നാൽ, ചിലവ് 1200 കോടി രൂപയായി ഉയർന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്സിപി ഡിസൈൻ ആണ് കെട്ടിടം രൂപകൽപന ചെയ്തത്. പുതിയ ലോക്സഭ ചേംബറിൽ 888 സീറ്റുകളും രാജ്യസഭാ ചേംബറിൽ 384 സീറ്റുകളുമാണ് ഉള്ളത്.