Karnataka Assembly Election Photos: കര്‍ണാടക തിരഞ്ഞെടുപ്പ് ആവേശത്തിലാണ്. നിയമസഭ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ റാലികളില്‍ പങ്കെടുക്കുന്നതിനും വോട്ടര്‍മാരെ ഏതു വിധേനയും സ്വധീനിക്കുന്നതിനുമുള്ള തിരക്കിലാണ് നേതാക്കള്‍.
ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് പ്രചാരണ തിരക്കിലാണ്. ബിജെപിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നദ്ദ എന്നിവര്‍ പ്രചാരണ രംഗത്ത് സജീവമായപ്പോള്‍ കോണ്‍ഗ്രസിനായി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും ശക്തമായി രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തിരുന്നു. നവ്ലഗുണ്ട നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ NH കൊണാറഡ്ഡിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. മണ്ഡലത്തിലേയ്ക്കുള്ള യാത്രാമധ്യേ പ്രിയങ്ക കാറിൽ നിന്ന് ഇറങ്ങി വഴിയരികില്‍ ഒരു ചെറിയ ചായക്കടയില്‍ കയറി. ഈ സംഭവം ഏറെ വൈറലായി മാറിയിരിക്കുകയാണ്.
ധാർവാഡ് ജില്ലയിലെ നവൽഗുണ്ടിലെ പഴയ തഹസിൽദാർ ഓഫീസിന് സമീപമുള്ള ചെറിയ സ്ഥലത്ത് വണ്ടി നിർത്തി ചായക്കടയില്‍ കയറി ചായക്കട നടത്തുന്ന ബാലനാഗമ്മ രംഗസ്വാമിയോട് അവര്‍ സംസാരിച്ചു. പ്രിയങ്ക ഗാന്ധി ബാലനാഗമ്മയുടെ ചായക്കടയിലേക്ക് പോകുന്ന വീഡിയോയും ഫോട്ടോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്
വീട്ടുകാരോട് സംസാരിക്കുന്നതിനിടയിൽ ബാലനാഗമ്മ ഉണ്ടാക്കിയ കട്ടന്‍ ചായയും കുടിച്ച പ്രിയങ്ക ഗാന്ധി സിലിണ്ടർ വിലയടക്കം വില വര്‍ദ്ധനയെക്കുറിച്ച് സംസാരിച്ചു.
നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നല്കുന്ന വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ച പ്രിയങ്ക കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. പാർട്ടി അധികാരത്തിൽ വന്നാൽ അവ എങ്ങനെ നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രിയങ്ക വിശദീകരിച്ചു. കുടുംബത്തിലെ കുട്ടികളുമായി സംവദിക്കുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്താണ് പ്രിയങ്ക മടങ്ങിയത്. പിന്നീട് തിരഞ്ഞെടുപ്പ് റാലിയില്‍ പ്രിയങ്ക ബാലനാഗമ്മയുടെ അവസ്ഥയെക്കുറിച്ച് സംസാരിച്ചിരുന്നു.