ഈ വരുന്ന ആഗസ്റ്റ് 2021 മുതല്‍ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ നിത്യ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ബാങ്ക് മുതല്‍ അടുക്കള വരെ ഈ മാറ്റം നേരിട്ട് ബാധിക്കാം. ആഗസ്റ്റ് മാസം ആരംഭിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഇത്തരം സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് അറിയാം.... (Here are changes impacting common man from August 2021)
ആഗസ്റ്റ് 1 മുതല്‍ എടിഎം ഇടപാടുകള്‍ക്ക് (ATM Transactions) ചിലവ് കൂടും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)യുടെ പുതിയ ഉത്തരവ് പ്രകാരം അഗസ്റ്റ് 1 മുതല്‍ ബാങ്കുകള്‍ക്ക് എടിഎം ഇന്റര്‍ചേഞ്ച് ചാര്‍ജില്‍ 2 രൂപ വര്‍ധനവ് വരുത്താം. ഓരോ പണ ഇടപാടുകള്‍ക്കും 2 രൂപ വീതമാണ് വര്‍ദ്ധിക്കുക. ATM ഇടപാടുകള്‍ക്ക് 15 രൂപയില്‍ നിന്ന് 17 രൂപയായും, പണ ഇതര ഇടപാടുകള്‍ക്ക് 5 രൂപയില്‍ നിന്ന് 6 രൂപയായും ഇന്റര്‍ചേഞ്ച് ചാര്‍ജ് വര്‍ധിപ്പിക്കുവാനാണ് കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. മാസം 5 സൗജന്യ ഇടപാടുകള്‍ക്ക് ശേഷമാണ് ബാങ്ക് തുക ഈടാക്കുക.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് (ICICI Bank) തങ്ങളുടെ സേവനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ATM പണം പിന്‍വലിക്കലുകള്‍, പുതിയ ചെക്ക് ബുക്ക്, തുടങ്ങിയ ഇടപാടുകളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നത്. ICICI Bank സേവിംഗ്സ് അക്കൗണ്ടുകളില്‍ ഓരോ മാസവും 4 സൗജന്യ പണ ഇടപാടുകളാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ICICI Bank ഓരോ ഉപയോക്താവിനും 25 ലീഫുകള്‍ ഉള്ള ചെക്ക് ബുക്കുകളാണ് സൗജന്യമായി നല്‍കിവരുന്നത്. അതിന് ശേഷം അനുവദിക്കുന്ന 10 ലീഫുകളുള്ള ചെക്ക് ബുക്കുകള്‍ക്ക് 20 രൂപബാങ്ക് ചാര്‍ജായി ഈടാക്കും.
നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (National Automated Clearing House (NACH) മായി ബന്ധപ്പെട്ട നിയമങ്ങളില്‍ RBI മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലെ നിയമം അനുസരിച്ച് ബാങ്ക് പ്രവൃത്തി ദിവസങ്ങളില്‍ മാത്രമാണ് നാച്ച് സേവനം ലഭ്യമാകുന്നത്. 2021 ആഗസ്റ്റ് 1 മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും ഈ സേവനം ലഭ്യമാകും.
LPG സിലിണ്ടര്‍ വിലയിലും കാര്യമായ മാറ്റം പ്രതീക്ഷിക്കാം. ഓരോ മാസത്തിന്റെയും തുടക്കത്തിലാണ് LPG ഗ്യാസ് വില നിശ്ചയിക്കുന്നത്. ആഗസ്റ്റ് 1 നു ഗ്യാസ് വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് അനുമാനം .
ഫോറം 15സിഎ/ 15സിബി സമയ പരിധി ആഗസ്റ്റ് മാസത്തില്‍ അവസാനിക്കും. .നികുതിദായകരുടെ സൗകര്യം മാനിച്ച് ഫോറം 15സിഎ/ 15സിബി നേരിട്ടുള്ള രീതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ആദായ നികുതി വകുപ്പ് നീട്ടി നല്‍കിയിരുന്നു. ആഗസ്റ്റ് 15ന് ഈ സമയ പരിധി അവസാനിക്കും.
ആഗസ്റ്റ് മാസത്തില്‍ RBI പുതിയ ക്രെഡിറ്റ് പോളിസിപ്രഖ്യാപിക്കും. പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ പണ നയ കമ്മിറ്റി തീരുമാനിച്ചേക്കാം. ആഗസ്റ്റ് മാസം ആദ്യ വാരത്തിലാണ് കമ്മിറ്റി യോഗം ചേരുന്നത്. ഒരു വര്‍ഷത്തില്‍ 6 തവണയാണ് പണനയ കമ്മിറ്റി യോഗം ചേരുക. ജൂണ്‍ മാസത്തില്‍ നടന്ന അവസാന യോഗത്തില്‍ പലിശ നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല.