ലോക ഫുട്ബോളിന്റെ യുവ പ്രതിഭയും ഭാവിയുമാണ് അൻസുമനെ വിയേര ഫാത്തി എന്ന അൻസു ഫാത്തി. ലാലിഗയിൽ ബാഴ്സലോണയ്ക്ക് വേണ്ടിയും സ്പെയിനിന്റെ ദേശീയ ടീമിൽ മുന്നേറ്റ താരമായി ബൂട്ടണിഞ്ഞ അൻസു ഫാത്തി ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാൾ കൂടിയാണ്.
ജീവിതം
2002 ഒക്ടോബർ 31ന് പശ്ചിമാഫ്രിക്കയിലെ ഗിനിയ-ബിസാവുവിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് അൻസു ഫാത്തിയുടെ ജനനം. ആറാമത്തെ വയസ്സിൽ ഫാത്തി തന്റെ കുടുംബത്തോടൊപ്പം സെവിയ്യയിലെ ഹെരേരയിലേക്ക് താമസം മാറ്റി. അതാണ് പിന്നീട് അൻസുവിന്റെ തലവര മാറ്റിയത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ബ്രൈമ ലാ ലിഗയിലെ സെവിയ്യ ഫുട്ബോൾ ക്ലബ്ബിനായി സൈൻ ചെയ്തു. അദ്ദേഹത്തിന്റെ മറ്റൊരു സഹോദരൻ മിഗ്വൽ ഫാത്തിയും ഫുട്ബോൾ കളിക്കാരനാണ്. ഫാത്തിക്ക് നാല് സഹോദരങ്ങളുമുണ്ട്. . ബോറി ഫാത്തിയും അമ്മ ലുർദെസ് ഫാത്തിയുമാണ് മാതാപിതാക്കൾ. അച്ഛൻ ബോറി ഫാത്തിയും ഫുട്ബോൾ താരമായിരുന്നു.
കളിക്കളത്തിലെ റോക്കറ്റ് വേഗം
ഫാത്തിയുടെ കളിക്കളത്തിലെ വളർച്ച റോക്കറ്റ് വേഗത്തിലായിരുന്നു. 2012ൽ 10 വയസ്സുള്ളപ്പോഴാണ് ഫാത്തി ബാഴ്‌സലോണയുടെ ലാ മാസിയയിലെത്തി. കളിക്കളത്തിലെ അമ്പരപ്പിക്കുന്ന പ്രകടനങ്ങൾ വളരെ വേഗത്തിൽ ക്യാപ്റ്റന്റെ റോളിലേക്ക് എത്തിച്ചു. യൂത്ത് ടീമിന്റെ ക്യാപ്റ്റനായതോടെ അൻസു ഫാത്തി യൂത്ത് ഫുട്ബോളിൽ ആധിപത്യം പുലർത്തി. കാൽപാദത്തിലെ പരിക്ക് കളിക്കളത്തിൽ അസ്വസ്ഥനാക്കിയെങ്കിലും പത്തുമാസത്തെ ആശുപത്രി വാസത്തിന് ശേഷം കളിക്കളത്തിലിറങ്ങി ആധിപത്യം പുലർത്താനും ഫാത്തിക്കായി. 2019 ജൂലൈ 24-ന്, എഫ്‌സി ബാഴ്‌സലോണ സീനിയർ ടീമുമായി തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടു. 2022 വരെയാണ് കരാർ. ബാഴ്‌സലോണ ഫുട്‌ബോൾ ക്ലബ്ബിനായി 16 വയസ്സുള്ളപ്പോൾ അരങ്ങേറ്റം കുറിച്ചതോടെ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി. ഫുട്‌ബോൾ ക്ലബ്ബായ ബാഴ്‌സലോണയുടെ ഏറ്റവും പ്രായം കുറഞ്ഞ ലാലിഗ ഗോൾ സ്‌കോറർ കൂടിയാണ് അൻസു.2021 ഒക്ടോബറിൽ 2027 വരെ ബാഴ്‌സലോണയുമായി അൻസു 1.16 ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടു. മുൻ സീസണുകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണം. അൻസു ഫാത്തിയുടെ കരാർ അദ്ദേഹത്തിന്റെ വാർഷിക ശമ്പളം 2.6 ദശലക്ഷം ഡോളറായി ഉയർന്നു.
അന്താരാഷ്ട്ര കരിയർ
അന്താരാഷ്‌ട്ര തലത്തിൽ അൻസു ഗിനിയ-ബിസാവുവിന് യോഗ്യത നേടിയിരുന്നുവെങ്കിലും ഒരു തലത്തിലും താൻ ജനിച്ച രാജ്യത്തെ പ്രതിനിധീകരിച്ചില്ല. ലാ ലിഗയിലെ അരങ്ങേറ്റത്തിന് ശേഷം, സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) ഫാത്തിയോട് താൽപ്പര്യം കാണിച്ചതോടെ ഫാത്തിക്ക് 2019-ൽ സ്പാനിഷ് പൗരത്വം ലഭിച്ചു. 2019 ഒക്ടോബർ 11-ന് സ്പാനിഷ് അണ്ടർ-21 ടീമിലേക്ക് അൻസു ഫാത്തിയെ വിളിച്ചു. 2020-21 യുവേഫ നേഷൻസ് ലീഗിനായി 2020-ൽ സ്പെയിൻ ടീമിലേക്ക് അൻസുവിന് വാതിൽ തുറക്കപ്പെട്ടു. 2020 സെപ്റ്റംബർ 6-ന് തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ആദ്യ ഗോൾ നേടി തന്റെ വരവ് ഗംഭീരമാക്കി. 17 വയസ്സ് 311 ദിവസം പ്രായമുള്ളപ്പോൾ ഉക്രെയ്‌നെതിരെ സ്‌പെയിനിന്റെ മൂന്നാമത്തെ ഗോൾ നേടിയതോടെ ദേശീയ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി. 18 വയസും 344 ദിവസവും പ്രായമുള്ള ജുവാൻ എറാസ്‌കിന്റെ 95 വർഷത്തെ റെക്കോർഡാണ് അദ്ദേഹം തകർത്തത്. യുവേഫ നേഷൻസ് ലീഗിൽ ഒരു മത്സരം ആരംഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഫാത്തി മാറി.
പുരസ്കാരങ്ങൾ
അൻസു ഫാത്തി ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ്, കൂടാതെ കൂട്ടായതും വ്യക്തിഗതവുമായ അവാർഡുകൾ നേടിയിട്ടുണ്ട്. ഫുട്ബോൾ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കൊപ്പം അൻസു, കോപ്പ ഡെൽ റേ: 2020-21 കിരീടം നേടി. വ്യക്തിഗതമായി 2019–20ൽ യുവേഫ ലാ ലിഗ റിവീലേഷൻ ടീം ഓഫ് ദ ഇയർ പുരസ്കാരം, 2020ൽ ലാ ലിഗ പ്ലെയർ ഓഫ് ദി മന്ത്, 2020ൽ IFFHS മെൻസ് വേൾഡ് യൂത്ത് (U20) ടീം, 2021ൽ Goal.com NxGn എന്നിവയും നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.