Ind vs WI: വിൻഡീസിനെ കറക്കി വീഴ്ത്തി, തിരിച്ചുവരവ് ആഘോഷമാക്കി അശ്വിൻ; സ്വന്തമാക്കിയത് 2 റെക്കോർഡുകൾ

R Ashwin 5 wickets vs WI: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അശ്വിനെ ഉൾപ്പെടുത്താതിരുന്നത് വിവാദമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 10:14 AM IST
  • 24.3 ഓവറിൽ 60 റൺസ് വഴങ്ങി അശ്വിൻ 5 വിക്കറ്റുകൾ വീഴ്ത്തി.
  • ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളർമാരിൽ അശ്വിൻ 6-ാമത്.
  • ജെയിംസ് ആൻഡേഴ്‌സനെ മറികടന്നാണ് അശ്വിൻ ആറാം സ്ഥാനത്തേയ്ക്ക് കുതിച്ചത്.
Ind vs WI: വിൻഡീസിനെ കറക്കി വീഴ്ത്തി, തിരിച്ചുവരവ് ആഘോഷമാക്കി അശ്വിൻ; സ്വന്തമാക്കിയത് 2 റെക്കോർഡുകൾ

ഡൊമിനിക്ക: ടെസ്റ്റ് ടീമിലേയ്ക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി രവിചന്ദ്രൻ അശ്വിൻ. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ 5 വിക്കറ്റുകൾ വീഴ്ത്തിയാണ് അശ്വിൻ വരവറിയിച്ചത്. ഇതോടെ രണ്ട് തകർപ്പൻ റെക്കോർഡുകളും അശ്വിനെ തേടിയെത്തി. 

അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റുകൾ എന്ന അപൂർവ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി അശ്വിൻ മാറി. 956 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ലെ, 711 വിക്കറ്റുകൾ നേടിയ ഹർഭജൻ സിംഗ് എന്നിവരാണ് അശ്വിന് മുന്നിലുള്ളത്. ഇതിന് പുറമെ, ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളർമാരുടെ പട്ടികയിൽ അശ്വിൻ 6-ാമത് എത്തി. 

ALSO READ: പ്രായം തളര്‍ത്താത്ത പോരാളി; വിരമിക്കലിനെ കുറിച്ച് മനസ് തുറന്ന് സുനില്‍ ഛേത്രി

67 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമത്. 37 വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് സ്പിൻ മജീഷ്യൻ ഷെയ്ൻ വോൺ രണ്ടാമതുണ്ട്. റിച്ചാർഡ് ഹാർഡ്‌ലി (36), അനിൽ കുംബ്ലെ (35), റംഗന ഹെരാത്ത് (34) എന്നിവരാണ് അശ്വിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്‌സനെ മറികടന്നാണ് അശ്വിൻ ആറാം സ്ഥാനത്തേയ്ക്ക് കുതിച്ചത്. 
ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൽ അശ്വിന് ഇടം നൽകാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. 

'ഇത് തീർച്ചയായും മികച്ച പ്രകടനമായിരുന്നു. ആദ്യ സെഷനിൽ പിച്ചിൽ ഈർപ്പമുണ്ടായിരുന്നു. വേഗം കുറഞ്ഞ പിച്ചിൽ അൽപ്പം കഴിഞ്ഞപ്പോൾ പന്ത് കൂടുതൽ ടേൺ ചെയ്യാൻ തുടങ്ങി. എന്റെ ആദ്യത്തെ സ്‌പെൽ ഞാൻ വ്യക്തിപരമായി ആസ്വദിച്ചു. അതിനു ശേഷം സാഹചര്യങ്ങളുമായി കുറച്ചുകൂടി പൊരുത്തപ്പെട്ടു. പിച്ച് അൽപ്പം വരണ്ടതായിരിക്കുമെന്ന പ്രതീക്ഷ തെറ്റിയില്ല. എന്റെ മുൻ വെസ്റ്റ് ഇൻഡീസ് പര്യടനങ്ങളിൽ, പന്ത് ടേൺ ചെയ്യുമ്പോൾ അത് സാവധാനത്തിലായിരിക്കും. ഇത്തവണയും അത് തന്നെ സംഭവിച്ചു'. ഒന്നാം ദിവസത്തെ മത്സരം അവസാനിച്ച ശേഷം അശ്വിൻ പറഞ്ഞു.

അതേസമയം, ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിന് അശ്വിനും രവീന്ദ്ര ജഡേജയും നേതൃത്വം നൽകുന്ന ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇരുവരും ചേർന്ന് വിൻഡീസിന്റെ 8 വിക്കറ്റുകളാണ് വീഴ്ത്തിയത്. അനാവശ്യ ഷോട്ടുകൾക്ക് മുതിർന്ന വിൻഡീസ് ബാറ്റ്‌സ്മാൻമാരെ കൃത്യമായ പദ്ധതികളിലൂടെയാണ് അശ്വിനും ജഡേജയും പിടിച്ചുകെട്ടിയത്. 47 റൺസ് നേടിയ അലിക് അഥനാസെയ്ക്ക് ഒഴികെ മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല. ഇതോടെ വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്‌സ് 150 റൺസിൽ അവസാനിച്ചു. 24.3 ഓവറിൽ 60 റൺസ് വഴങ്ങി അശ്വിൻ 5 വിക്കറ്റുകൾ വീഴ്ത്തി. 14 ഓവറിൽ 26 റൺസ് മാത്രം വിട്ടുകൊടുത്ത ജഡേജ 3 വിക്കറ്റുകൾ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ശാർദ്ദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം പങ്കിട്ടെടുത്തു. 

മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ രോഹിത് ശർമ്മയും യുവതാരം യശസ്വി ജയ്‌സ്വാളും തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. അരങ്ങേറ്റ മത്സരത്തിന്റെ സമ്മർദ്ദങ്ങളൊന്നുമില്ലാതെ ബാറ്റ് വീശിയ ജയ്‌സ്വാൾ 73 പന്തിൽ 6 ബൗണ്ടറികൾ സഹിതം 40 റൺസുമായി ക്രീസിലുണ്ട്. 65 പന്തിൽ 3 ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയ രോഹിത് ശർമ്മ 30 റൺസുമായി ജയ്‌സ്വാളിന് മികച്ച പിന്തുണ നൽകി. ചരിത്രത്തിൽ ആദ്യമായി ഏകദിന ലോകകപ്പിന് യോ​ഗ്യത നേടാനാകാതെ പുറത്തായ വെസ്റ്റ് ഇൻഡീസിന് സ്വന്തം കാണികൾക്ക് മുന്നിൽ ഇന്ത്യയ്ക്ക് എതിരെ നടക്കുന്ന പരമ്പര ഏറെ നിർണായകമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News