കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ ഈ മാസം 28നു നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം 25ന് തിരുവനന്തപുരത്തെത്തും പുലര്‍ച്ചെ 3.10ന് അബുദാബിയില്‍ നിന്നാണ് ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ഇന്ത്യന്‍ ടീം 26ന് വൈകിട്ട് 4.30ന് തിരുവനന്തപുരത്തെത്തും. ദക്ഷിണാഫ്രിക്കന്‍ ടീം 25നുതന്നെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും. 25നും 26നും വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെയും മത്സരത്തിന്റെ തലേദിവസമായ 27ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെയുമാണ് ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനം നടത്തുക.
27ന് വൈകിട്ട് അഞ്ച് മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും ഗ്രീന്‍ഫീല്‍ഡില്‍ പരിശീനം നടത്തും. മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ കെ.എന്‍. അനന്തപത്മനാഭനും നിതിന്‍ മേനോനുമാണ് മത്സരം നിയന്ത്രിക്കുന്നത്. ജെ.ആര്‍.മദനഗോപാലാണ് ടിവി അംപയര്‍. വീരേന്ദര്‍ ശര്‍മ്മ ഫോര്‍ത്ത് അംപയറാകും. ജവഗല്‍ ശ്രീനാഥാണ് മാച്ച് റഫറി. സാമുവല്‍ ഹോപ്കിന്‍സും ആല്‍ഫി ഡെല്ലറുമാണ് ഡിആര്‍എസ് ടെക്നിഷ്യന്മാര്‍.
മത്സരത്തിന്റെ 65 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച്ച മുതല്‍ ഇതിനോടകം 18781 ടിക്കറ്റുകള്‍ വിറ്റു. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. 1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. അപ്പര്‍ ടിയറിലെ 2500 ടിക്കറ്റുകള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിക്കണം.
ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...