England vs India: ഇന്ത്യ 191 റൺസിന് പുറത്ത്; തുടക്കത്തിലെ പതറി ഇം​ഗ്ലണ്ട്

ഓവൽ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്ത്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 138 റണ്‍സ് കൂടി വേണം.

Written by - Zee Malayalam News Desk | Last Updated : Sep 3, 2021, 10:14 AM IST
  • ഓവൽ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്ത്.
  • ആദ്യ ദിനം അവസാനിച്ചപ്പോൾ ഇം​ഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിൽ.
  • 57 റൺസ് നേടിയ ഷാർദ്ദൂൽ താക്കൂറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
England vs India: ഇന്ത്യ 191 റൺസിന് പുറത്ത്; തുടക്കത്തിലെ പതറി ഇം​ഗ്ലണ്ട്

ലണ്ടൻ: ഇന്ത്യക്കെതിരായ (India) നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ഇം​ഗ്ലണ്ട് (England) മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിൽ. ആദ്യ ഇന്നിങ്സിൽ (First Innings) ‌ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ 191 റൺസിന് പുറത്തായിരുന്നു. മുൻനിര ബാറ്റ്സ്മാന്മാർ പതറിയപ്പോൾ ഷ‌ാർദ്ദൂൽ താക്കൂറിന്റെ (Shardul Thakur) മികച്ച ഇന്നിങ്സാണ് ഇന്ത്യയെ 191 റൺസിലേക്ക് എത്തിച്ചത്. 36 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 57 റൺസാണ് ഷാർദ്ദൂൽ നേടിയത്. 

ജെയിംസ് ആന്‍ഡേഴ്സണെയും ഒലി റോബിന്‍ണെയും ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയും ഇന്നിങ്സ് ആരംഭിച്ചത്. ആന്‍ഡേഴ്സണെ ആക്രമിച്ച് കളിച്ച ഇരുവരും ആന്‍ഡേഴ്സന്‍റെ നാലോവറില്‍ 20 റണ്‍സടിച്ചു. ആദ്യ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സിലെത്തിയ ഇന്ത്യ മികച്ച തുടക്കമിട്ടെങ്കിലും ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ക്രിസ് വോക്സ് രോഹിത് ശര്‍മയെ(11) ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. പൂജാര ക്രീസിലെത്തിയതിന് പിന്നാലെ ഇംഗ്ലണ്ട് തുടര്‍ച്ചയായി ആറ് മെയ്ഡ് ഇന്‍ ഓവറുകളെറിഞ്ഞു പിടിമുറുക്കി. 17 റണ്‍സെടുത്ത് മികച്ച തുടക്കമിട്ട രാഹുലിനെ ഒലി റോബിന്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു. 

Also Read: India vs England : നാലാം ദിനത്തിൽ ഇന്ത്യയുടെ പ്രതിരോധം തകർന്നടിഞ്ഞു, ലീഡ്സിൽ ഇന്ത്യക്ക് ഇന്നിങ്സ് തോൽവി

ലീഡ്സ് ടെസ്റ്റില്‍ 91 റണ്‍സടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയതിന്‍റെ സൂചന നല്‍കിയ ചേതേശ്വര്‍ പൂജാര വീണ്ടും ബാറ്റിംഗില്‍ നിരാശപ്പെടുത്തി. 31 പന്തില്‍ നാലു റണ്‍സെടുത്ത പൂജാര ജെയിംസ് ആന്‍ഡേഴ്സന്‍റെ ഔട്ട് സ്വിംഗറില്‍ ബാറ്റുവെച്ച് വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്ത് മടങ്ങി. കോഹ്ലിയും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ സെഷനില്‍ 50 കടത്തിയെങ്കിലും ലഞ്ചിന് പിന്നാലെ ജഡേജയെ(10) വീഴ്ത്തി ക്രിസ് വോക്സ് ഇന്ത്യയെ വീണ്ടും പ്രതിസന്ധിയിലാക്കി.

ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തുകളില്‍ ബാറ്റുവെച്ച് പുറത്താവുന്ന ശീലം ഇത്തവണയും ഇന്ത്യൻ ന‌ായ‌കൻ ആവര്‍ത്തിച്ചു. ഇരുപതുകളില്‍ നില്‍ക്കെ വോക്സിന്‍റെ പന്തില്‍ കോഹ്ലി നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ ജോ റൂട്ട് കൈവിട്ടു. പിന്നീട് രഹാനെയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് തോന്നിച്ച കോ‌ഹ്ലി മനോഹരമായ കവര്‍ ഡ്രൈവുകളിലൂട ബൗണ്ടറി നേടി ആത്മവിശ്വാസത്തിലായി. എന്നാല്‍ റോബിന്‍സന്‍റെ ഓഫ് സ്റ്റംപില്‍ കുത്തി അകത്തേക്ക് വന്ന പന്തില്‍ ബാറ്റുവെച്ച കോലിയെ(50) ബെയര്‍സ്റ്റോ കൈയിലൊതുക്കിയതോടെ സെഞ്ച്വറി നേടാതെ മറ്റൊരു ഇന്നിംഗ്സുമായി ഇന്ത്യന്‍ നായകന്‍ തലകുനിച്ച് മടങ്ങി.

മനോഹരമായൊരു ബൗണ്ടറി നേടിയതിന് പിന്നാലെ ചായക്ക് തൊട്ടു മുമ്പ് ഓവര്‍ടണിന്‍റെ പന്തില്‍ സ്ലിപ്പില്‍ മോയിന്‍ അലിക്ക് പിടികൊടുത്ത് രഹാനെയും(14) മടങ്ങി. അതിന് പിന്നാലെ വോക്സിന്‍റെ ഓവറിൽ വമ്പനടിക്ക് മുതിര്‍ന്ന റിഷഭ് പന്തിനെ സ്ലിപ്പില്‍ ഓവര്‍ടണ്‍ കൈവിട്ടെങ്കിലും അതേ ഓവറില്‍ സ്ലോ ബോളില്‍ ലോംഗ് ഓഫില്‍ മൊയിന്‍ അലിക്ക് പിടികൊടുത്ത് പന്ത്(9) മടങ്ങി.

Also Read: ​India vs England: ലോ‌ർഡ്സിലെ ഹീറോകൾ ലീഡ്സിൽ സീറോ; തകർന്നടിഞ്ഞ് ഇന്ത്യ, ഇം​ഗ്ലണ്ടിന് ലീഡ്

 

ഒമ്പത് റണ്‍സെടുത്ത റിഷഭ് പന്ത് പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും 127 റണ്‍സായിരുന്നു. എന്നാല്‍ അവിടുന്ന് ആക്രമണമാണ് മികച്ച പ്രതിരോധമെന്ന തിരിച്ചറിഞ്ഞ ഷര്‍ദ്ദുല്‍ താക്കൂര്‍ തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പ്രതിസന്ധിയിലായി. തുടര്‍ച്ചയായി ബൗണ്ടറികളും സിക്സറും പറത്തിയ ഷര്‍ദ്ദുല്‍ തന്‍റെ രണ്ടാം ടെസ്റ്റ് അര്‍ധസെഞ്ച‌്വറി നേടി. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവുമൊത്ത് 63 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ ഷര്‍ദ്ദുലിന്‍റെ ഇന്നിങ്സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 10 റണ്‍സെടുത്ത ഉമേഷ് അവസാന ബാറ്റ്സ്മാനായി പുറത്തായി. ഷര്‍ദ്ദുല്‍ പുറത്തായതിന് പിന്നാലെ ഒരു റണ്‍സ് കൂടി കൂട്ടിചേര്‍ക്കുമ്പോഴേക്കും ശേഷിക്കുന്ന രണ്ട് വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

ഇതിനിടെ ടെസ്റ്റില്‍ ഇംഗ്ലണ്ട് മണ്ണിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും താക്കൂര്‍ സ്വന്തം പേരിലാക്കി. മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബോതം 1986ല്‍ സ്ഥാപിച്ച റെക്കോഡാണ് താക്കൂര്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം മറികടന്നത്. അന്ന് 32 പന്തില്‍ നിന്നാണ് ബോതം അര്‍ധ സെഞ്ച്വറി നേടിയതെങ്കിൽ 31 പന്തിലായിരുന്നു താക്കൂര്‍ 50 തികച്ചത്. 

Also Read: India vs England Lord's Test : ലോർഡ്സിൽ വിജയക്കൊടി നാട്ടി ഇന്ത്യൻ ബോളർമാർ, ആതിഥേയരെ തകർത്തത് 151 റൺസിന്

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ടിനെ ബുമ്ര തുടക്കത്തിൽ തന്നെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ഇംഗ്ലീഷ് ഓപ്പണര്‍മാരായ റോറി ബേൺസിനെയും ഹസീബ് ഹമീദിനെയും ആറ് റണ്‍സെടുക്കുന്നതിനിടെ മടക്കി ബുമ്ര ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. അഞ്ച് റണ്‍സെടുത്ത ബേണ്‍സിനെ ബുമ്ര ബൗള്‍ഡാക്കിയപ്പോള്‍ ഹസീബ് ഹമീദിനെ റണ്ണെടുക്കും മുമ്പ് ബുമ്ര റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു.

മൂന്നാം വിക്കറ്റിൽ ക്യാപ്റ്റന്‍ ജോ റൂട്ടും (Joe Root) ഡേവിഡ് മലനും (David Malan) ചേര്‍ന്ന് 50 കടത്തിയെങ്കിലും ഒന്നാം ദിനം കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇം​ഗ്ലണ്ടിന്റെ നട്ടെല്ലായ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് (Umesh Yadav) ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുകയായിരുന്നു. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 26 റണ്‍സോടെ ഡേവിഡ് മലനും ഒരു റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ (Night Watchman) ഓവര്‍ടണുമാണ് ക്രീസില്‍. ഇന്ത്യക്കായി ബുമ്ര രണ്ടും ഉമേഷ് ഒരു വിക്കറ്റുമെടുത്തു. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 138 റണ്‍സ് കൂടി വേണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News