Qatar World Cup 2022 Eng Vs Iran: ഖത്തറില്‍ ചരിത്രമെഴുതാന്‍ ഇറാന്‍! കണക്കുകള്‍ ഇങ്ങനെ... 'ഇറാനിയന്‍ മെസ്സി' കളം നിറഞ്ഞാല്‍ ലോകം ഞെട്ടും

England Vs Iran: സര്‍ദര്‍ അസ്മൗന്‍ കളിക്കളത്തിലിറങ്ങിയാൽ ഇംഗ്ലണ്ടിനെ സംബന്ധിച്ച് അത് വലിയ വെല്ലുവിളിയാകും. അതേ സമയം അസ്മൗന്റെ കാര്യത്തിൽ മറ്റ് ചില ആശങ്കകളും ബാക്കി നിൽക്കുന്നുണ്ട്

Written by - Binu Phalgunan A | Last Updated : Nov 21, 2022, 01:39 PM IST
  • അവസാനം കളിച്ച ആറ് കളികളിലും ഇംഗ്ലണ്ടിന് വിജയം നേടാൻ കഴിഞ്ഞിട്ടില്ല
  • കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രണ്ട് വിജയം നേടിയിട്ടുണ്ട് എന്നതാണ് ഇറാന്റെ ആത്മവിശ്വാസം
  • ആദ്യമായാണ് ഇംഗ്ലണ്ടും ഇറാനും നേർക്കുനേർ പോരാടുന്നത്
Qatar World Cup 2022 Eng Vs Iran: ഖത്തറില്‍ ചരിത്രമെഴുതാന്‍ ഇറാന്‍! കണക്കുകള്‍ ഇങ്ങനെ... 'ഇറാനിയന്‍ മെസ്സി' കളം നിറഞ്ഞാല്‍ ലോകം ഞെട്ടും

ദോഹ: അറബ് ലോകം മുഴുവന്‍ ഖത്തറിനെ വളഞ്ഞിട്ട് ആക്രമിച്ച കാലം ചരിത്രത്തില്‍ അത്ര വിദൂരമൊന്നും അല്ല. എന്നാല്‍ അന്ന് ഖത്തറിന് എല്ലാ വിധ പിന്തുണയും നല്‍കി കൂടെ നിന്നത് ഇറാന്‍ ആയിരുന്നു. ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇറാന്‍ പ്രതീക്ഷിക്കുന്നുമില്ല. യൂറോപ്യന്‍ ശക്തരായ ഇംഗ്ലണ്ട് ആണ് ഗ്രൂപ്പ് ബിയില്‍ ഇറാന്റെ ആദ്യ എതിരാളികള്‍.

ഫിഫ റാങ്കിങ്ങില്‍ നാലാം സ്ഥാനവുമായിട്ടാണ് ഇംഗ്ലണ്ട് ഖത്തറിലെത്തിയിരിക്കുന്നത്. റാങ്കിങ് പ്രകാരം ഇറാന്റെ സ്ഥാനം 21-ാമതാണ്. 72 ശതമാനം വിജയ സാധ്യത ഇം​ഗ്ലണ്ടിനാണ് കൽപിക്കപ്പെടുന്നത്. ഇറാന് 8 ശതമാനം മാത്രം. എന്നാല്‍ റാങ്കിങ്ങിന്റേയും പ്രവചനങ്ങളുടേയും ഈ അന്തരം കളിക്കളത്തില്‍ പ്രകടമാവില്ലെന്നാണ് ഇറാന്‍ പ്രതീക്ഷിക്കുന്നത്. അവര്‍ക്ക് അത്തരത്തില്‍ പ്രതീക്ഷ നല്‍കുന്ന മറ്റൊന്നുകൂടിയുണ്ട്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഇറാന് രണ്ട് വിജയങ്ങള്‍ അവകാശപ്പെടാനുണ്ട്. എന്നാല്‍ അവസാനം കളിച്ച ആറ് കളികിലും ജയം അന്യമായതിന്റെ നിരാശയോടെയാണ് ഇംഗ്ലീഷ് താരങ്ങള്‍ ബൂട്ട് അണിയുക.

Read Also: ചരിത്രത്തിൽ ആദ്യമായി ആതിഥേയർക്ക് ഉദ്ഘാടന മത്സരത്തിൽ തോൽവി; ഖത്തറിനെതിരെ ഇക്വഡോറിന് ജയം

ഇംഗ്ലണ്ടും ഇറാനും ഫുട്‌ബോള്‍ മൈതാനത്ത് ഇതുവരെ നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്. രാഷ്ട്രീയപരമായി ഇറാനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇംഗ്ലണ്ട്. അമേരിക്കയെ പോലെ തന്നെ ഇറാന് തീരെ താത്പര്യമില്ലാത്ത രാജ്യങ്ങളില്‍ ഒന്ന്. കളിക്കളത്തില്‍ ആര് ജയിച്ചാലും തോറ്റാലും അത് വേറേയും ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

1998 ലേയും 2006 ലേയും 2018 ലേയും ലോകകപ്പുകളില്‍ ആദ്യ മത്സരങ്ങള്‍ ജയിച്ച ചരിത്രമാണ് ഇറാനുള്ളത്. അതുപോലെ തന്നെ 2002 ലും 2010 ലും 2014 ലും ആദ്യ മത്സരം തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ആദ്യ കളിയില്‍ വിജയം നേടിയ ചരിത്രം ഇംഗ്ലണ്ടിനും ഉണ്ട്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകള്‍ കൂടിയാണ് ഇംഗ്ലണ്ട്. നോക്കൗട്ട് റൗണ്ടില്‍ കടന്നുകൂടാനാകാതെ പുറത്താകാനായിരുന്നു ഇറാന്റെ വിധി. 

കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരമായിരുന്ന ഹാരി കെയ്ന്‍ ഇത്തവണയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 2018 ല്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ താരമായിരുന്നു കെയ്ന്‍. എന്നാല്‍, കെയ്ന്‍ ഇപ്പോള്‍ അത്ര ഫോമിലല്ല എന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. ബുകായോ സാക ആയിരിക്കും ഇന്നത്തെ മാച്ചില്‍ ഇറാനെതിരെ ഗാരെത് സൗത്ത്‌ഗേറ്റിന്റെ കുന്തമുന. ജൂഡ് ബെല്ലിങ്ഹാമും ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡും ഇംഗ്ലണ്ട് നിരയ്ക്ക് ശക്തിപകരും. 

സര്‍ദര്‍ അസ്മൗന്‍ എന്ന 27 കാരനാണ് ഇറാന്റെ കുന്തമുന. ഇറാനിയന്‍ മെസ്സി എന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വിശേഷിപ്പിച്ച മുന്നേറ്റ നിരക്കാരന്‍. ആറടി ഒരിഞ്ച് ഉയരത്തില്‍ അസ്മൗന്‍ കുതിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയില്‍ വിള്ളല്‍ വീഴുമോ എന്ന് കാത്തിരുന്ന് കാണാം. കളി മികവില്‍ ഇബ്രാഹിമോവിച്ചിനോടും അലി ഡേയിനോടും എല്ലാം ഉപമിക്കപ്പെടുന്ന താരമാണ് അസ്മൗന്‍. 65 തവണ ഇറാന് വേണ്ടി ബൂട്ടണിഞ്ഞ ഈ താരം 41 അന്താരാഷ്ട്ര ഗോളുകളും രാജ്യത്തിന് വേണ്ടി നേടിയിട്ടുണ്ട്. പക്ഷേ, പരിക്കിന്റെ ഭയം അസ്മൗനിനെ വേട്ടയാടുന്നുണ്ട്. മാത്രമല്ല, രാജ്യത്തെ പ്രക്ഷോഭകാരികള്‍ക്ക് നല്‍കുന്ന പിന്തുണ അദ്ദേഹത്തെ ഭരണകൂടത്തിന് അനഭിമതനാക്കുന്നും ഉണ്ട്.

Read Also: ലോകകപ്പ് തൽസമയ വിശേഷങ്ങൾ

മിഡ് ഫീല്‍ഡില്‍ പരിചയ സമ്പന്നനായ ഒമിഡ് ഇബ്രാഹിമിയുടെ അസാന്നിധ്യം ആയിരിക്കും ഇറാനെ പ്രതിരോധത്തിലാക്കുക. പരിക്കുമൂലം ഇബ്രാഹിമി കളിക്കുന്നില്ല. 122 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള എഹ്‌സാന്‍ ഹജ്‌സാഫിയുടെ നേതൃത്വത്തില്‍ ആയിരിക്കും ഇറാന്‍ ആദ്യ മത്സരത്തിനിറങ്ങുക. 

നവംബര്‍ 21 ന് ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ന് ആണ് മത്സരം. ഖത്തറിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുക. ​ഗ്രൂപ്പ് ബിയിൽ ഇന്ന് സെ​ന​ഗൽ നെത‍ലൻഡ്സിനെ നേരിടുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News