ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് കാർ ; ബുക്കിങ്ങിൽ തരംഗമായി ടിയാഗോ ഇ.വി

മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന്, 8.49 ലക്ഷം എന്ന പ്രാരംഭ വില അടുത്ത 10000 ഉപഭോക്താക്കൾക്കുകൂടി അനുവദിക്കും എന്നാണ് ടാറ്റ അറിയിക്കുന്നത്.

Written by - ഗോവിന്ദ് ആരോമൽ | Edited by - Akshaya PM | Last Updated : Oct 11, 2022, 06:19 PM IST
  • രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ
  • ടിയാഗോയുടെ ബുക്കിങ് ഒക്ടോബർ 10 ന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ആരംഭിച്ചത്
  • 21000 രൂപ നൽകി ടാറ്റ ഡീലർഷിപ്പ് വഴിയോ www.tiago.ev.tatamotors.com എന്ന വൈബ് സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം
ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് കാർ ; ബുക്കിങ്ങിൽ തരംഗമായി ടിയാഗോ ഇ.വി

ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം 10000 ഓർഡറുകൾ ലഭിച്ച്  റെക്കോർഡ് ഇട്ടിരിക്കുകയാണ് ടാറ്റയുടെ എറ്റവും പുതിയ ഇലക്ട്രിക്ക് കാറായ ടാറ്റ ടിയാഗോ ഇവി. മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന്, 8.49 ലക്ഷം എന്ന പ്രാരംഭ വില അടുത്ത 10000 ഉപഭോക്താക്കൾക്കുകൂടി അനുവദിക്കും എന്നാണ് ടാറ്റ അറിയിക്കുന്നത്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്ന ഖ്യാതിയോടെ എത്തിയ ടിയാഗോയുടെ ബുക്കിങ് ഒക്ടോബർ 10 ന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ആരംഭിച്ചത്. ബുക്ക് ചെയ്ത സമയവും തീയതിയും വകഭേദവും നിറവും അനുസരിച്ചായിരിക്കും ഡെലിവറി തീരുമാനിക്കുക എന്നാണ് ടാറ്റ അറിയിക്കുന്നത്.

21000 രൂപ നൽകി ടാറ്റ ഡീലർഷിപ്പ് വഴിയോ www.tiago.ev.tatamotors.com എന്ന വൈബ് സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം. നേരത്തെ 8.49 ലക്ഷം രൂപ എന്ന പ്രാരംഭ വില ആദ്യം ബുക്ക് ചെയ്യുന്ന 10000 പേർക്കായിരിക്കുമെന്നാണ് ടാറ്റ പറഞ്ഞിരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും 10000 ഉപഭോക്താക്കൾക്ക് കൂടി ലഭ്യമാക്കാൻ തീരുമാനിച്ചത്. ആദ്യ പതിനായിരത്തിൽ 2000 വാഹനങ്ങൾ നിലവിലെ ടാറ്റ ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോക്താക്കൾക്കായി നീക്കിവെച്ചിട്ടുണ്ട്.

രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഷോറൂമുകളിൽ ഈ മാസം തന്നെ പ്രദർശന  വാഹനങ്ങളെത്തും. ടെസ്റ്റ് ഡ്രൈവ് മോഡലുകൾ ഡിസംബർ മുതലും ലഭിക്കും. വിതരണം അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കുമെന്നുമാണ് ടാറ്റ അറിയിക്കുന്നത്. റേ‍ഞ്ച് കൂടിയ 24 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന മോഡലിന്റെ ഉത്പാദനത്തിനായിരിക്കും കൂടുതൽ ശ്രദ്ധ എന്നാണ് ടാറ്റ വ്യക്തമാക്കുന്നത്.

19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 kW എസി, 7.2 കെവി എസി എന്നിങ്ങനെ രണ്ടു ചാർജിങ് ഓപ്ഷനുകളും ടിയാഗോ ഇ.വിക്കുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാർജിങ് ഓപ്ഷൻ മാത്രമേ ലഭിക്കൂ. ഏഴ് വ്യത്യസ്ത മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. 8.49 ലക്ഷത്തിൽ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.

ടാറ്റയുടെ സിപ്രോൺ ഇ വി ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ ടിയാഗോക്ക് 5.7 സെക്കൻഡ് മാത്രം മതി. 24kW ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മാത്രം മതിയെന്നും മുപ്പത് മിനിറ്റ് ചാർജിങ്ങിൽ 100 കിലോമീറ്റർ ഓടാനുള്ള റേഞ്ച് ലഭിക്കുമെന്നും ടാറ്റ അവകാശപ്പെടുന്നു. ബാറ്ററിക്കും മോട്ടറിനും 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് ടാറ്റ വാറന്റി നൽകുന്നത്. 8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം, റെയിൻ സെൻസറിങ് വൈപ്പർ, കണക്ടഡ് കാർ ടെക്നോളജി എന്നി നൂതന സാങ്കേതിക വിദ്യകളും ഇ.വിയിൽ ഉണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News