ഊണിന് എത്ര കൂട്ടം കറികളുണ്ടെങ്കിലും ഒരല്പം അച്ചാർ കൂടി ചേർത്ത് കഴിക്കാൻ ഒരുപാട് പേർക്ക് ഇഷ്ടമാണ്. വ്യത്യസ്ത രുചികളിലുള്ള അച്ചാറുകൾ വീട്ടിലുണ്ടെങ്കിലും പലരും ഇത് കൃത്യമായി അല്ല സൂക്ഷിക്കുന്നത്. ചിലർ അച്ചാര്‍ കുപ്പിയില്‍ പതിവായി ഒരു സ്പൂണിട്ട് വയ്ക്കുന്നതും കാണാം.
എന്നാൽ ഇത്തരത്തിൽ അച്ചാർ കുപ്പിയിൽ സ്പൂണിട്ട് വയ്ക്കുന്നത് ആരോഗ്യത്തിന് ദോഷവും നിരവധി രോഗങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
അച്ചാർ കുപ്പിയിൽ സ്പൂണിട്ട ശേഷം പലരും കൃത്യമായി ഇത് അടച്ചുവയ്ക്കില്ല. ഇത്തരത്തിൽ കുപ്പി നല്ലപോലെ അടയ്ക്കാതിരുന്നാൽ അച്ചാറിൽ ബാക്ടീരിയകളും ഫംഗൽ ബാധകളും പെരുകാൻ സാധ്യതയുണ്ട്. ഈ അച്ചാർ കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
അച്ചാറില്‍ സ്റ്റീലിന്റെ സ്പൂണാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിൽ തുരുമ്പ് കയറാനുള്ള സാധ്യത കൂടുതലാണ്. അച്ചാറില്‍ വിനാഗിരി ചേര്‍ത്തിരിക്കുന്നതിനാലാണിത്. ഇത് മൂലം സ്പൂണിൽ വേഗം തുരുമ്പ് പിടിക്കുകയും, അച്ചാർ ഭക്ഷ്യയോഗ്യമല്ലാതാകുകയും ചെയ്യും.
പതിവായി അച്ചാറില്‍ സ്പൂണ്‍ ഇടുന്നത് അച്ചാറിൻ്റെ രുചിയിൽ വ്യത്യാസം ഉണ്ടാകുന്നതിന് കാരണമാകും. മറ്റൊരു ആഹാര വസ്തുവില്‍ ഈ സ്പൂണ്‍ ഉപയോഗിക്കുമ്പോള്‍ ആ ആഹാരത്തിനും രുചി വ്യത്യാസം വരാനും ഇത് കാരണമാകും.
അച്ചാറിട്ട് വയ്ക്കുന്ന പാത്രങ്ങൾ കഴുകാതെ ആ കുപ്പിയിലേക്ക് അച്ചാർ വീണ്ടും നിറയ്ക്കുന്നതും സ്പൂൺ കഴുകാതെ ഉപയോഗിക്കുന്നതും നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
അച്ചാറില്‍ സ്പൂണ്‍ സ്ഥിരമായി സൂക്ഷിക്കുന്നത് മൂലം അണുബാധ, അസിഡിറ്റി സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍, ഭക്ഷ്യവിഷബാധ, അലര്‍ജി എന്നിവയെല്ലാം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.