ബോറിസ് ജോൺസൻ്റെ രാജി പ്രഖ്യാപനം ബ്രിട്ടീഷ് വലതുപക്ഷത്തിന് നൽകുന്ന തിരിച്ചടി ചെറുതാകില്ല. കൺസർവേറ്റീവ് പാർട്ടിയുടെ രാഷ്ട്രീയ അസ്ഥിരതയും തൊഴിലാളി സമരങ്ങളും അടുത്ത തെരഞ്ഞെടുപ്പിൽ ബാധിക്കും എന്നുറപ്പാണ്. കൃത്യമായ കേവല ഭൂരിപക്ഷം ഉണ്ടായിട്ടും ബോറിസ് ജോൺസൻറെ രാജി ഉറപ്പിച്ചതിൽ ബ്രിട്ടനിലെ തൊഴിലാളി സമരങ്ങൾക്കും വലിയ പങ്കുണ്ട്. ബ്രക്‌സിറ്റും വികലമായ സാമ്പത്തിക നയങ്ങളും സമ്മാനിച്ച പ്രതിസന്ധിയും പണപ്പെരുപ്പവും ബ്രിട്ടനെ പിടിച്ചുകുലുക്കിയ തൊഴിൽ സമരങ്ങളിലാണ് കലാശിച്ചത്.
തൊഴിലാളികൾ സമരങ്ങൾ അണിനിരത്താത്ത ഒരു മേഖലയും ബ്രിട്ടനിൽ ഉണ്ടായില്ല. തൊഴിലാളി മുന്നെറ്റങ്ങളോട് ഇതുവരെയും മുഖം തിരിഞ്ഞുനിന്നിരുന്ന ബ്രിട്ടീഷ് മധ്യവർഗ പൊതുബോധം സാമ്പത്തികമാന്ദ്യത്തിൽ കലങ്ങിമറിഞ്ഞു. കൺസർവേറ്റീവ് പാർട്ടിയിൽ തർക്കങ്ങൾ ഉടലെടുത്തതും വലതുപക്ഷ രാഷ്ട്രീയ അസ്ഥിരതയുടെ അടയാളമായി മാറുകയാണ്. ഇനിയൊരു തെരഞ്ഞെടുപ്പ് ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ പുതിയൊരുദയത്തിന് സാക്ഷിയാകാനും സാധ്യതയേറെയാണ്.
ബ്രിട്ടീഷ് രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റം കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചകളിൽ പോലും പ്രകടമാണ്. പീഡന ആരോപണം നേരിട്ട ക്രിസ് പിഞ്ചറെ ജോൺസൺ ഡെപ്യൂട്ടി ചീഫ് വിപ്പ് പദവിയിൽ നിയമിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെ വിവാദമാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി സാധാരണ ജനങ്ങൾക്ക് വലിയ ദുരിതം നൽകുമെന്ന് വലതുപക്ഷക്കാർ ബ്രിട്ടീഷ് പാർലമെൻ്റിൽ മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...